Sunday 22 February 2009

ഹിപ്‌ ഹിപ്‌ ഹുറേയ്‌!!

കുറേ വർഷങ്ങൾക്ക്‌ മുൻപ്‌, മിസ്സ്‌ യൂണിവേഴ്സ്‌ മത്സര വേദിയിൽ,
അവിശ്വസനീയതയോടെ മുഖം പൊത്തി നിന്ന സുസ്മിത സെന്നിനെയും,
ഇത്തിരി ദിവസങ്ങൾ കഴിഞ്ഞ്‌ അതേ പോലെ ഐശ്വര്യ റായിയെയും കണ്ട ഇന്ത്യാക്കാരന്റെ മുന്നിൽ പിന്നീടൊരിക്കലും ലോക സുന്ദരി മത്സരങ്ങൾ അത്ര ആവേശകരങ്ങളായി മാറിയിട്ടില്ല.
കാരണം പിന്നീട്‌ പല ഇന്ത്യൻ സുന്ദരികളും, പല വട്ടം ആ വേദികളിൽ തിളങ്ങി,
വിജയം ഒരു ശീലമാക്കി മാറ്റി.

ഇപ്പോഴിതാ, പതിനേഴ്‌ വർഷങ്ങൾക്ക്‌ ശേഷം,
ഇന്ത്യൻ മനസ്സുകൾക്ക്‌ (പ്രത്യേകിച്ച്‌ മലയാളിക്ക്‌)
അവിശ്വസനീയതയുടെ ഒരു പുലരി കൂടി.
കൊഡാക്ക്‌ തിയേറ്ററിൽ രണ്ട്‌ മലയാളികൾ ഓസ്കാർ അങ്കിളിന്റെ മൊട്ടത്തലയിൽ ഉമ്മ വയ്ക്കുന്ന കാഴ്ച, അഭിമാനഭരിതമായ നിറകണ്ണുകളോടെ ഭാരത ജനത കണ്ടിരുന്നു.

ഇതുമൊരു തുടക്കം മാത്രമാകട്ടെ എന്നു നമുക്കാശിക്കാം.
പ്രതിഭകൾക്ക്‌ ദാരിദ്ര്യമുണ്ടായിട്ടില്ലാത്ത നമ്മുടെ നാട്ടിലേക്ക്‌,
ഇനിയും ഓസ്കാറുകൾ പെയ്തിറങ്ങുന്ന ഒരു പാട്‌ വർഷങ്ങളുണ്ടാകട്ടെ എന്നു ആസംസിക്കാം.

ഒപ്പം, ഈ സംരംഭത്തിൽ ഇന്ത്യൻ പ്രതിഭകളെ കൂടെ കൂട്ടിയ ഡാനി ബോയലിനും നന്ദിയും ആശംസകളും, അനുമോദനങ്ങളും.

Wednesday 11 February 2009

'മുത്തലിക്ക്‌'ന്റെയൊരു കോള്‌!

കഴിഞ്ഞ കുറേ ദിവസങ്ങളായി, കർണ്ണാടകയിൽ നടക്കുന്ന അസംബന്ധ നാടകങ്ങൾ കണ്ട്‌, അന്തം വിട്ടിരിക്കുമ്പോൾ, ദേ വരണു പുതിയ 'ആന്ദോളൻ'.
ആധുനിക ശ്രീരാമൻ, മര്യാദാ പുരുഷോത്തമൻ, സാംസ്കാരിക ഇൻഡ്യയുടെ കാവൽ ഭടൻ, ശ്രീമാൻ മുത്തലിക്കിന്‌ കുറേക്കാലത്തേക്കിനി ജട്ടി വാങ്ങേണ്ടി വരില്ല.
സംസ്കാരം തൊട്ടു തീണ്ടിയിട്ടില്ലാത്തവരായ കുറേ അലമ്പ്‌ സ്ത്രീകൾ അങ്ങേർക്ക്‌ കുറേ ജട്ടികൾ അയച്ചു കൊടുത്ത്‌ ആദരിക്കാൻ തീരുമാനിച്ചിരിക്കുന്നു.
(എന്നാലും അണ്ണന്റെയൊരു കോളേ! കുറച്ചു കാലം ഉപയോഗിച്ചു കഴിഞ്ഞതായാലും, കിട്ടുന്നത്‌ തരുണീമണികളുടെ ബെസ്റ്റ്‌ പാന്റീസല്ലെ! അതും തടവി, ഇടയ്ക്കു മണപ്പിച്ച്‌ കുറേക്കാലത്തേക്കെങ്കിലും, പരശല്ല്യമില്ലാതെ കഴിഞ്ഞാൽ മതിയായിരുന്നു.)

വന്നു വന്ന്, സകലമാന കാവിധാരിയുടെയും ആദർശ പുരുഷൻ നരേന്ദ്ര മോഡിയായിരിക്കുന്നു. എതിർക്കാൻ ശേഷിയില്ലാത്ത ജനസമൂഹത്തെ ചുട്ടെരിച്ച്‌ ആ മഹാൻ പ്രധാന മന്ത്രി പഥം നോക്കി രഥമോടിക്കുന്നു.

കർണ്ണാടകയിൽ, ബി. ജെ. പി. അധികാരത്തിൽ കയറിയ നാൾ മുതൽ പുതിയ പുതിയ സേന കളും, അവരുടെ സാംസ്കാരിക(?) അതിക്രമങ്ങളും വളർന്നു കൊണ്ടിരിക്കുന്നു. ഈ മഹാത്മാക്കളുടെ ലക്ഷ്യം സാസ്കാരിക ഉന്നമനമാണെന്നു കരുതിയാൽ ശുദ്ധ മണ്ടത്തരം. എങ്ങനേയും പേരുണ്ടാക്കുക, (ബിൻ ലാദനും പേരിനൊരു കുറവില്ലല്ലോ!) അധികാരത്തിലേക്ക്‌ നുഴഞ്ഞു കയറുക. അത്ര തന്നെ.

ഈ സേനകളെന്തേ പുരുഷ മദ്യപാനത്തെയും, അവരുടെ സദാചാര ഭ്രംശങ്ങളേയും കാണാതെ പോകുന്നത്‌? അതോ നമ്മുടെ നാട്ടിൽ സ്ത്രീകൾ മാത്രം സദാചാരികളായാൽ മതി എന്നാണോ?
ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ, പുരുഷനോടൊപ്പം ഏതു മേഖലയിലും വ്യാപരിക്കുന്ന സ്ത്രീ, ഒന്നു പബ്ബിൽക്കയറി ഒരു ബീയർ കഴിച്ചാൽ, ഭാരത സംസ്കാരം തകർന്നു തരിപ്പണമാകുമെന്നാണോ, ഇവറ്റകളുടെ ഉൽകൻഢ?

ഇവർക്കൊരേയൊരു ഉദ്ദേശ്യമേയുള്ളു. മതപരവും, സാമുദായികവും, സാമുഹ്യപരവുമായ ചേരിതിരിവുകൾ സൃഷ്ടിച്ചെടുത്ത്‌, കലക്കവെള്ളത്തിൽ മീൻ പിടിക്കുക.

അന്യ ജാതികളിൽപ്പെട്ട ആൺകുട്ടിയും പെൺകുട്ടിയും ഒന്നിച്ചു സംസാരിച്ചെന്നതിന്റെ പേരിൽ പീഢനമേറ്റുവാങ്ങിയ ഒരു പെൺകുട്ടി, ഈ കാട്ടാളന്മാരുടെ സാംസ്കാരിക വൈതാളികത്വത്തിന്‌ രക്തസാക്ഷിത്വം വരിച്ചു കഴിഞ്ഞു.

ആരു സമാധാനം പറയും? ആരു ചോദ്യം ചെയ്യും ഈ പരിഷകളെ?

സംസ്കാരവും, മാന്യതയും ആരും ആരെയും അടിച്ചേൽപ്പിക്കേണ്ട നിയമ സംഹിതകളല്ല. കുടുംബത്തിൽ നിന്നും, വിദ്യാലയങ്ങളിൽ നിന്നും, സമൂഹത്തിൽ നിന്നും ആർജ്ജിക്കേണ്ടവയാണ്‌.
ഇത്‌ അടിച്ചേൽപ്പിക്കാൻ മുതിരുന്നവർ ആദ്യം സ്വന്തം കുടുംബത്തിലേക്കു തിരിയുക (അങ്ങിനെയൊന്നുണ്ടെകിൽ!). അവിടെ നിന്നാണു തുടങ്ങേണ്ടത്‌ സാംസ്കാരിക നവോഥാനം!

കുടുംബത്തിലെ ആണും പെണ്ണും പരസ്പരം ബഹുമാനിക്കാനും, സഹായിക്കാനുമുള്ള മന:സ്ഥിതി വളർത്തിയാലേ, അയൽ വക്കത്തെ സാംസ്കാരിക പ്രശ്നത്തിൽ അഭിപ്രായം പറയാനെങ്കിലുമുള്ള അർഹത ഏതൊരാൾക്കും ഉണ്ടാവുകയുള്ളു.

അവസാനമായി, അറിവും പക്വതയും, സാംസ്കാരിക അവബോധവും, അതിലുപരി വിവരവുമില്ലാത്ത സാധാരണക്കാരനു തോന്നുന്ന ഒരു സംശയം ശ്രീമാൻ മുത്തലിക്കിനോട്‌ ചോദിക്കട്ടെ!
താങ്കൾ സ്കൂളിൽ പോയിട്ടുണ്ടോ?
ഉണ്ടെങ്കിൽ അതു മിക്സഡ്‌ സ്കൂൾ ആയിരുന്നോ?
അവിടുത്തെ പെൺകുട്ടികളോട്‌ മിണ്ടിയതു കൊണ്ട്‌, താങ്കളുടെ ഏതെങ്കിലും അവയവം തേഞ്ഞു പോയിട്ടുണ്ടോ?
അതു പോകട്ടെ, താങ്കൾക്ക്‌ ഹിന്ദു സുഹൃത്തുക്കൾ മാത്രമേയുള്ളോ (പ്രത്യേകിച്ചും സ്ത്രീകളായി)? അവരോട്‌ (മാന്യമായി) ഇടപഴകിയതു കൊണ്ട്‌ താങ്കൾക്ക്‌ സ്വന്തം ചാരിത്ര്യം നഷ്ടമായിട്ടുണ്ടോ?

സുഹൃത്തേ, മേൽപ്പറഞ്ഞ കുഴപ്പങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിൽ, പാവം സ്ത്രീകളെ വെറുതെ വിട്ടു കൂടെ?
മാത്രമല്ല കുറേക്കാലത്തേയ്ക്ക്‌ ഇരുന്നാസ്വദിക്കനുള്ള വഹ ആ മഹതികൾ സ്വന്തം നഷ്ടം വകവെയ്ക്കാതെ അങ്ങേയ്ക്ക്‌ അയച്ചു തരുന്നുമുണ്ടല്ലോ!

ഒന്നോർക്കുന്നത്‌ നന്നായിരിക്കും "പെണ്ണൊരുമ്പെട്ടാൽ ബ്രഹ്‌മനും തടയാ"

ഓൾ ദി ബെസ്റ്റ്‌ മൈ ഫ്രെണ്ട്‌!

Monday 9 February 2009

ജാഗ്രതാ നിർദ്ദേശം!

കാസർഗോഡ്‌ മുതൽ പാറശ്‌ശാല വരെയുള്ള കേരളത്തിന്റെ പ്രദേശങ്ങളിലാകെ, റെഡ്‌ അലെർട്ട്‌ പ്രഖ്യാപിച്ചിരിക്കുന്നു!

കഴിഞ്ഞ ദിവസം സഖാവ്‌ പിണറായിയുടെ നേതൃത്വത്തിലുള്ള, ഏതാണ്ട്‌ കേരള യാത്ര, കോഴിക്കോട്‌ കറങ്ങുന്നതിനിടയിലാണ്‌, മെഡിക്കൽ കോളേജിനടുത്ത്‌ ഒരു പിഞ്ച്‌ കുഞ്ഞ്‌, അതി ജുഗുപുത്സാവഹമായ രീതിയിൽ ആക്രമിക്കപ്പെട്ടത്‌.

(പൊന്നുടയതെ, വിജയൻ സഖാവാണതിനു പിന്നിലെന്ന് ഞാൻ മനസ്സിൽ പോലും വിചാരിച്ചിട്ടില്ല, സി. ബി. ഐ പോലും വിചാരിക്കുകയുമില്ല!!)

അപ്പപ്പിന്നെ പറഞ്ഞു വരുന്നതെന്തെന്നാൽ, മേൽപ്പടി സഖാവിനും, കൂടെ നടന്ന്‌ നാട്ടാരെ മുഴുവൻ പുലയാട്ടും, പുലഭ്യവും പറയുന്ന ആധുനിക വിപ്ലവ ആഭിചാരികൾക്കും, കാവൽ കിടക്കാനായി, കോഴിക്കോട്ടെ, സകലമാന പോലീസും, അരയും തലയും മുറുക്കി നടന്ന രാത്രികളിലൊന്നിലാണീ ദാരുണ സംഭവം അരങ്ങേറിയത്‌ എന്നാണ്‌.

(ഈ സഖാക്കൾക്കൊക്കെ, കേരളത്തിലുടനീളം കിട്ടുന്നതും, കിട്ടിക്കൊണ്ടിരിക്കുന്നതും, ഇനി കിട്ടാവുന്നതുമായ സ്വാഭാവിക സ്വീകരണങ്ങളെ പ്രതിരോധിക്കാൻ, കേരളത്തിലെ മുഴുവൻ പോലീസും മതിയാകുന്നില്ലത്രെ! എത്ര പ്രതിരോധിച്ചിട്ടും ചില സിൻഡിക്കേറ്റ്‌ മാഫിയ പത്രക്കാര്‌, ഈ വക സ്വീകരണ ദൃശ്യങ്ങൾ കാണിക്കുന്ന ദിവസമാണ്‌ വിജയൻ സഖാവ്‌, സർവ്വമാന പത്രക്കാരെയും, പേരു പറഞ്ഞ്‌ ചീത്ത വിളിക്കാറുള്ളത്‌)

അതു കൊണ്ടാണ്‌ കേരളത്തെ, ഐശ്വര്യ പൂർണ്ണമാക്കുന്നതിനും, ഇൻഡ്യയെ മൊത്തത്തിൽ ലാവ്‌ലിൻ കമ്പനിക്ക്‌ എഴുതി ക്കൊടുക്കുന്നതിനുമായി (ക്ഷമിക്കണം! സുരക്ഷിതമാക്കുന്നതിനും എന്നു തിരുത്തി വായിക്കുക!) ഈ സഖാക്കൾ കഷ്ടപ്പെട്ട്‌ നടത്തുന്ന ഈ യാത്ര കഴിയുന്നതു വരെ, ഇന്നലെ വരെ ജനിച്ചതു മുതൽ കുഴിയിലേക്കു കാലുനീട്ടിയിരിക്കുന്നതു വരെയുള്ള സകലമാന സ്ത്രീജനങ്ങളും, വീടിനു പുറത്തിറങ്ങാൻ പാടില്ലാത്തതും, ഇനി അഥവാ ഇറങ്ങേണ്ടി വന്നാൽ, അതു സ്വന്തം സ്ത്രീത്വത്തിന്‌ (കോഴിക്കോട്ട്‌ ഭാഗത്തെ ചെക്കന്മാർ മറ്റ്‌ ചിലതിനും) ഇൻഷുറൻസ്‌ എടുത്തതിനു ശേഷം മാത്രമായിരിക്കണമെന്നാണ്‌ ജാഗ്രതാ നിർദ്ദേശം!

ഏതായാലും, ഇതു കുറച്ചു ദിവസത്തേക്കല്ലെ ഉള്ളു എന്നു കരുതി ആശ്വസിച്ചിരിക്കുമ്പോഴാണ്‌, അഭിനവ കേരളാ (ഹിമാലയൻ) ഗാന്ധി, ചെന്നിത്തല ചുള്ളൻ അടുത്ത യാത്രയുമായി, ഇറങ്ങാൻ പോകുന്നത്‌.

ഇതുകൂടി, ഒന്നു വട്ടമെത്തുന്നതു വരെ, എന്റെ ദൈവേ, പാവം മലയാളികൾ എന്തൊക്കെ അനുഭവിക്കേണ്ടി വരും?
കാരണം, സഖാക്കൾ കയ്യിട്ട്‌ വാരലും, കുണ്ടായിസവും (ഗുണ്ടായിസം പണ്ടേയുള്ളതാണ്‌) മോഷണവും നടത്തുന്ന കാര്യത്തിൽ, വെറും പ്രൈമറി പരുവത്തിലെ എത്തിയിട്ടുള്ളു.
പക്ഷേ ഖദർ ധാരികൾ ഇക്കാര്യത്തിൽ പി എഛ്‌ ഡി എടുത്തവരാണ്‌.
ഇവരീ യാത്ര കഴിച്ചിലാക്കുമ്പോഴേക്കും, കേരളം ഒരരുക്കാവും, ഒറപ്പ്‌!

അപ്പപ്പിന്നെ മുൻപറഞ്ഞ ജാഗ്രതാ നിർദ്ദേശം ഒന്നു വിപുലപ്പെടുത്തിയിരിക്കുന്നു. ചെന്നിത്തല കൂടി പണി മതിയാക്കുന്നതു വരെ, കൊച്ചു പിച്ചടച്ചെല്ലാവരും അനാവശ്യമായി ഒന്നു കുനിയുക പോലും ചെയ്യാൻ പാടില്ല, ഈ ദിവസങ്ങളിൽ!
എന്തു വിലപ്പെട്ട സാധനവും നഷ്ടപ്പെട്ടേക്കാം! ജാഗ്രതൈ!!
(കോൺഗ്രസ്സ്‌ എവിടെയുണ്ടോ അവടെ ഞമ്മളുണ്ട്‌ എന്നു പ്രഖ്യാപിച്ച്‌, കുഞ്ഞാലിക്കുട്ടി കൂടെക്കാണാതിരിക്കില്ല! ഡബിൾ ജാഗ്രതൈ!!)

ഇത്രയുമായ സ്ഥിതിക്ക്‌ കാവിപ്പട അടങ്ങിയിരിക്കുമോ?
അവരും ഇറങ്ങും വടിയും കോലുമായി!
ആയതിനാൽ ജാഗ്രതാ നിർദ്ദേശം നിർദ്ദാക്ഷിണ്യം വിപുലപ്പെടുത്തുന്നു!
ആ വഴിപാടു കൂടി കഴിയുന്നതു വരെ, ആണും പെണ്ണും ഒന്നിച്ചു വഴി നടക്കാൻ പാടുള്ളതല്ല.
(ഭാര്യാ ഭർത്താക്കന്മാർ പോലും ഒന്നിച്ചുറങ്ങുന്നത്‌ സൂക്ഷിച്ചു വേണം)
മിക്സഡ്‌ സ്കൂളുകളും കോളേജുകളും ദീര്‌ഘകാല അവധി പ്രഖ്യാപിച്ചേയ്ക്കുക.
ഓരോ ജാതിക്കാർക്കും പ്രത്യേകം പ്രത്യേകം യാത്രാ സൗകര്യങ്ങൾ, സർക്കാർ തലത്തിൽ തരപ്പെടുത്തുന്നതായിരിക്കും!

എന്നാലും ലവന്മർക്കെന്തെ ഈ ഇലക്ഷൻ കാലത്ത്‌ മാത്രം ഇങ്ങനെ നാടു നന്നാക്കനിറങ്ങണമെന്ന്‌ തോന്നുന്നത്‌? ഇലക്ഷന്‌ മുൻപോ പിൻപോ, ഐശ്വര്യവും, സുരക്ഷയും, സംസ്കാരവും സൗഭാഗ്യവുമൊന്നും പൊതു ജനത്തിനാവശ്യമില്ലെന്നാണോ?

ദൈവത്തിന്റെ സ്വന്തം നാടിനെ ദൈവം തന്നെ രക്ഷിക്കട്ടെ! ആമേൻ!

Thursday 5 February 2009

കേരളത്തിലെ പോലീസും പിന്നിലല്ല!

കഴിഞ്ഞ ദിവസം ഉത്തർ പ്രദേശിലെ ഇട്ടാവയിലുണ്ടായ, പോലീസ്‌ ക്രൂരതയെ പറ്റി പറഞ്ഞു വായടച്ചിട്ടില്ല, അപ്പോഴിതാ, സാംസ്കാരിക കെരളത്തിന്റെ വിരി മാറിൽ, എറണാകുളത്തെ കലൂരിൽ, ഒരു സ്ത്രീയെ വളരെ മാന്യമായി കൈകാര്യം ചെയ്യുന്ന പോലീസിന്റെ ദൃശ്യം, ടി. വി. യിൽ കണ്ടത്‌.

മാന്യമായി എന്നു പറഞ്ഞത്‌, സാധാരണ പോലെ ആൺ പോലീസുകാരു തന്നെ, ക്രമ സമാധാനം പുനസ്ഥാപിക്കാൻ ശ്രമിച്ചില്ല, എന്നതു തന്നെ.
ഇവിടെ വനിതാ പോലീസുകാർ തന്നെ അതങ്ങു ചെയ്തു കളഞ്ഞു.

എന്നാലും എന്റെ ഏമാത്തി മാരെ, എന്തു ചെയ്തിട്ടാണ്‌ എന്നുതന്നെയിരുന്നാലും, അതൊരു സ്ത്രീ ജന്മം തന്നെയായിരുന്നില്ലേ.
നടു വഴിയിൽ വച്ച്‌ ഒരു സ്തീയോട്‌ ഇത്ര മനുഷ്യത്വ രഹിതമായി പെരുമാറാൻ ഹൃദയത്തിന്റെ സ്ഥാനത്ത്‌ കരിങ്കല്ലുള്ളവർക്കെ സാധിക്കു.

നമ്മുടെ നാട്ടിൽ, കുറ്റവാളികൾ കുറ്റവാളികളായിത്തന്നെ തുടരേണ്ടി വരാനുള്ള പ്രധാന കാരണം, നമ്മുടെ നീതി പാലകരുടെ നിരുത്തരവാദിത്തപരമായ പെരുമാറ്റമാണ്‌.
ഏതു കാരണം കൊണ്ടായാലും വഴിതെറ്റി പോകുന്നവരെ, സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ തിരിച്ചു കൊണ്ടു വരാനുള്ള സാമൂഹ്യ ബാധ്യത കൂടി തങ്ങൾക്കുണ്ടെന്ന് നമ്മുടെ പോലീസുകാർ ഇനി എന്നാണാവോ തിരിച്ചറിയുക?
അല്ലെങ്കിൽ ആ ബാധ്യതയേക്കുറിച്ച്‌ ആരാണിവരെയൊന്നു ബോ‍ാധവൽക്കരിക്കുക?

പരസ്പരം വിഴുപ്പലക്കുന്ന നീതിപതികളോ?
അതോ നിയമം കൈയ്യിലെടുക്കാൻ അണികൾക്കാഹ്വാനം നൽകുന്ന രാഷ്ട്രീയമാഫിയ നേതാക്കളോ?

Tuesday 3 February 2009

ഇട്ടാവയിലെ കുരുന്ന്!

ഉത്രപ്രദേശിലെ ഇട്ടാവയിൽ നിന്നൊരു വാർത്ത കണ്ടു ഇത്തിരി മുൻപ്‌.
കടയിൽ വന്ന ഒരു സ്ത്രീയുടെ പേഴ്സ്‌ മോഷ്ടിച്ചു എന്നാരോപിച്ച്‌ ഒരു അഞ്ചു വയസ്സു കാരിയെ അതി നിഷ്ഠൂരമായി പീഡിപ്പിക്കുന്ന പോലീസിന്റെ കിരാതമായ നടപടി.
മേൽപറഞ്ഞ ഏമാന്മാരെ ഉടനെ സർവ്വീസിൽ നിന്ന് പുറത്താക്കി എന്നും അറിയിക്കുകയുണ്ടായി. എങ്കിലും എന്തേ ലോക സംസ്കാരത്തിന്റെ പിള്ളത്തൊട്ടിലുകളിലൊന്നായ ഭാരതത്തിൽ, നീതിപാലകരിത്ര കഠിന ഹൃദയരാകുന്നു?
ഇതു വടക്കെയിന്ത്യയിൽ മാത്രം നടക്കുന്ന സംഭവം എന്നു തള്ളിക്കളയാനാവില്ല.
വിദ്യയിലും, അഭ്യാസത്തിലും മുൻപരായ മലയാളികളുടെ പോലീസും അത്ര കേമമൊന്നുമല്ലെന്നു, അനുഭവങ്ങൾ തെളിയിച്ചിട്ടുണ്ട്‌.
ആ കുരുന്നു കുഞ്ഞിന്റെ ദൈന്യമായ മുഖത്തു നോക്കി, ഇത്ര ക്രൂരമായി പ്രവർത്തിക്കാൻ, തനി രാക്ഷസന്മാർക്കെ കഴിയൂ.
വാർത്ത എന്നൊടൊപ്പം കണ്ടുകൊണ്ടിരുന്ന, എന്റെ ഒന്നാം ക്ലാസ്സുകാരി മകളുടെ മുഖത്തുണ്ടായ ഭാവ മാറ്റവും, ചോദ്യഭാവത്തിൽ എന്റെ നേരെ തിരിഞ്ഞ കണ്ണുകളും, എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി. ഇവളൊടു ഞാൻ എന്താണു പറയേണ്ടത്‌?
പോലീസുകാർ നമ്മുടെ സംരക്ഷകരാണ്‌ എന്നു പറഞ്ഞു കൊടുത്ത ഞാൻ അവളെ എന്തു പറഞ്ഞു മനസ്സിലാക്കും, ഇക്കണ്ട ദൃശ്യത്തെപ്പറ്റി?
നമ്മുടെ പോലീസുകാർ കണ്ടു മൻസ്സിലാക്കേണ്ട മാതൃകകളാണ്‌ ഞാനീ മണൽനാട്ടിൽ ദിവസേന കണ്ടു മുട്ടുന്നത്‌.
എന്താവശ്യത്തിനും മാന്യതയും, സഹകരണ മനോഭാവവും, അതിലുപരി സഹായ ഹസ്തവുമായി, പോലീസുകാർ നമ്മുടെ മുന്നിലെത്തുമ്പോൾ, അറിയാതെ നമ്മുടെ നാട്ടിലെ പോലീസിനെ ഓർത്തു പോകിന്നു, ഒരു തരം ഭീതിയോടെ.
പോലീസിൽ ജോലി കിട്ടിയ ഒരു സുഹൃത്ത്‌ ട്രെയിനിംഗ്‌ കഴിഞ്ഞപ്പോൾ തനി മുരടനായി മാറിയതു കണ്ട്‌ വിവരമന്വേഷിച്ച ഞങ്ങളോട്‌ പുളിച്ച തെറി പറഞ്ഞതും, കഴിഞ്ഞ ഒരു വർഷം എനിക്കു കിട്ടിയത്‌ ഇതായിരുന്നെന്ന്‌ വിഷമത്തോടെ പറഞ്ഞതും ഞാണോർക്കുന്നു.
ഒരു പക്ഷെ നമ്മുടെ പോലീസിലും, നന്മയുള്ള ട്രെയിനിംഗ്‌ സംവിധാനം ഉണ്ടാവുകയും, ജനസേവകരും, അവരുടെ സംരക്ഷകരുമാണ്‌ പോലീസെന്ന വ്യക്തമായ സന്ദേശം അവർക്കു പകർന്നു കൊടുക്കുകയും ചെയ്തിരുന്നെങ്കിൽ!

എവിടെ? ഇവിടുത്തെ ഭരണ സംവിധാനത്തിൽ പോലീസ്‌ ഒരു മർദ്ദനോപാധിയും, രാഷ്ട്രീയ ക്കാരുടെ ഗുണ്ടളും മാത്രമാണല്ലോ!
എന്നാലും എന്റെ പെൺകുട്ടി, നിന്റെ ദൈന്യത നിറഞ്ഞ കണ്ണുകളും, ആക്രന്ദനവും മനസ്സിനെ വല്ലാതെ മദിക്കുന്നു.
ഒരു വേള നിന്റെ സ്ഥാനത്ത്‌ എന്റെ കുഞ്ഞു തന്നെ ആയിക്കൂടെന്നില്ലല്ലോ!