Tuesday, 27 January 2009

കോടിയേരിയുടെ ചതി!

ഒടുവിൽ അതും വന്നു!
ഒരു സി.ബി.ഐ. റിപ്പോർട്ട്‌ കൂടി, വീര പരിവേഷത്തോടെ, സമർപ്പിക്കപ്പെട്ടു കഴിഞ്ഞു.
അച്യുതാനന്ദൻ സഖാവ്‌ വളരെക്കാലമായി കണ്ണിലെണ്ണയൊഴിച്ച്‌ കാത്തിരുന്ന റിപ്പോർട്ട്‌.
മലയാളി പയലുകള്‌, 365 ദിവസോം രാപ്പകൽ വ്യത്യാസമില്ലാതെ ബിവറേജസ്‌ വഴി കോരിയൊഴുക്കിയ നികുതിപ്പണം, ലാവ്‌ലിൻ കമ്പനിയുടെ കേയറോഫിൽ 'വിസ്മയ' കരമായി അപ്രത്യക്ഷമായ സംഭവമാണ്‌ കേസിന്നാസ്പദം.
ഒരു മുൻ മന്ത്രി ഉൾപ്പെട്ടിട്ടുണ്ട്‌ എന്നു ആദ്യം തന്നെ വാർത്ത പുറത്തു വന്നു.
എല്ലാവരും അതു പ്രതീക്ഷിച്ചതായതിനാൽ, വലിയ ഓളമൊന്നും ഉണ്ടായില്ല.
പെട്ടെന്നാണ്‌ കോടിയേരിയുടെ പ്രസ്താവന വന്നത്‌.
പിണറായിയെ വലിച്ചിഴക്കുന്നു എന്ന പരാതിയോടെ.

ജി. കാർത്തികേയൻ തുടങ്ങി, കടവൂരാൻ, ആര്യാടൻ പിന്നെ പിണറായി വരെ സംശയപ്പട്ടികയിലുണ്ടായിരുന്നതിനാൽ,
ഒരു മാധ്യമവും ഏറ്റു പിടിക്കുന്നില്ലെന്നു കണ്ടപ്പോഴാണ്‌,
കോടിയേരി വെടി പൊട്ടിച്ചത്‌.
അതോടെ സംഗതി ഉഷാറായി.

ഇതിൽ നിന്നെന്തു മനസ്സിലായി?
അടുത്ത എൽ.ഡി. എഫ്‌. മന്ത്രിസഭ വരുമ്പോൾ (അതിനി എന്നായാലും- അച്ചുമ്മാമൻ എത്ര കാലം കാത്തിരുന്നിട്ടുണ്ട്‌?) മുഖ്യമന്ത്രി കസേര കോടിയേരി ബുക്കു ചെയ്തു കഴിഞ്ഞു.
ഈ ചീഞ്ഞു നാറ്റത്തിൽ നിന്നു പിണറായിക്കിനി ഉടനെയെങ്ങും മോചനമുണ്ടാവില്ല.
അപ്പോൾ പിന്നെ ആശാനിട്ട്‌ പണിതിട്ടായാലും, സ്വന്തം റൂട്ട്‌ ക്ലിയറാക്കാനുള്ള ബുദ്ധി, കോടിയേരി കാണിച്ചു എന്നേയുള്ളു.
അല്ല, പണ്ടിതുപോലെ, അച്ചുമ്മാമനിട്ട്‌ പണിതാണല്ലൊ, പിണറായി ആളായി മാറിയത്‌.
കൊടുത്താൽ കൊല്ലത്തെന്നല്ല, അങ്ങു കാനഡേന്നു പോലും പണി കപ്പലേറി വരും!

Monday, 22 December 2008

ആന(ലു)വായിലെ അംബുജാക്ഷൻ!

വെറുതെ 'മാതൃഭൂമി' ഓൺലൈനിൽ നോക്കിയപ്പോഴാണ്‌ ആലുവയിൽ നിന്നൊരു വാർത്ത കണ്ടത്‌. പ്രസംഗിച്ചു നിന്ന പിണറായി വിജയനെ ബസ്സിലിരുന്ന് വിമർശിക്കുകയും ചീത്ത (?) വിളിക്കുകയും ചെയ്ത അംബജാക്ഷനെന്ന യാത്രക്കാരനെ, വിജയന്റെ അനുയായികൾ എടുത്തിട്ടലക്കി!
ചിരിക്കണോ അതോ കരയണോ എന്നറിയാതെ കുറച്ചു നേരം ഇരുന്നുപോയി.
പാവം അംബുജാക്ഷനോടും, പ്രബുദ്ധരായ മുഴുവൻ മലയാളികളോടും സഹതാപം തോന്നി, ആദ്യം. പിന്നെ പിണറായി വിജയനു കിട്ടാൻ പോകുന്ന തല്ലുകളുടെ എണ്ണമോർത്തപ്പോൾ, സഹതാപം വിജയനോടായി.
കഴിഞ്ഞയാഴ്ചയാണ്‌ വിജയൻ കോടതിയെ അതി ഹീനമായി വിമർശിച്ചത്‌.
കഴിഞ്ഞ ദിവസമാണ്‌ സോണിയയെ വിവരമില്ലാത്തവൾ എന്നു വിളിച്ചത്‌.
കുറച്ചു കാലം മുമ്പാണ്‌ ഒരു ബിഷപ്പിനെ ഭള്ളു പറഞ്ഞത്‌.
ഇങ്ങനെ തനിക്കനഭിമതരായവരെയെല്ലാം ആക്ഷേപിക്കുകയും, പുലഭ്യം പറയുകയും ചെയ്യുന്ന വിജയനെ, മേൽപറഞ്ഞവരുടെയെല്ലാം അനുയായികളെന്നവകാശപ്പെട്ട്‌ കുറെ ഗുണ്ടകൾ കൈകാര്യം ചെയ്തു കഴിയുമ്പോൾ എന്തായിരിക്കും വിജയന്റെ സ്ഥിതി എന്നോർത്തപ്പോൾ....
സഹതപിച്ചല്ലേ പറ്റൂ!
നമ്മുടെ നാടിതെങ്ങോട്ടാണ്‌ പോകുന്നത്‌?
മണിക്കൂറുകളോളം ബസ്സിലിരുന്ന് വലഞ്ഞവൻ, അതിനു കാരണക്കാരനായവനെ കണ്ടപ്പോൾ അവന്റെ പ്രതിക്ഷേധം പുറത്തറിയിച്ചത്‌, ഇത്ര വലിയ തെറ്റോ?
ഇൻഡ്യൻ പ്രസിഡന്റിനേയും, സുപ്രീം കോടതി ചീഫ്‌ ജസ്റ്റീസിനേയും വരെ അറിഞ്ഞും അറിയാതെയും, ആവശ്യത്തിനും അനാവശ്യത്തിനും വിമർശിക്കുന്ന,
സിനിമകളിലും, കോമഡിഷോകളിലും വിഡ്ഡിവേഷം കെട്ടിക്കുന്ന കേരളത്തിൽ,
സമ്മതിദായകർ ഒന്നുറക്കെ തുമ്മിയാൽ, വീട്ടിൽ ഭാര്യ പോലും വില നൽകാത്ത അവസ്ഥയിലാകുന്ന, ചീഞ്ഞ രാഷ്ട്രീയക്കാരന്റെ ദാർഷ്ട്യം, എന്തേ അംഗീകരിക്കപ്പെടുന്നു?
അംബുജാക്ഷന്റെ നാട്ടിൽ നിന്നും, ഗ്രാമവാസികൾ ഒന്നുചേർന്ന് വന്ന്, എന്തേ ഈ അഹന്തയെ ചോദ്യം ചെയ്തില്ല?
ഇതാണ്‌ കേരളം!
മലയാളിയുടെ ഈ പ്രതികരണശേഷിയില്ലായ്മയെ, ഇവിടെ ഇടതനും, വലതനും, കാവിയും, പച്ചയും, വെള്ളയും എല്ലാം, വിറ്റ്‌ കാശാക്കുന്നു.
എന്നിട്ടവന്റെ മുഖത്ത്‌ കാറിത്തുപ്പുന്നു,
കിട്ടുന്ന സമയത്തെല്ലാം തല്ലിയൊതുക്കുന്നു.
ഇക്കണ്ട കാലമെല്ലാം നാം വളർത്തിയെടുത്ത നീണ്ട വാൽ, ചുരുട്ടി ആസനത്തിൽ പരമാവധി ആഴത്തിൽ തിരുകി, നമുക്കു കണ്ണീർ പരമ്പരകളിലെ നായികമാരെക്കുറിച്ചോർത്ത്‌ കണ്ണീർ തൂകാം! വരിക സ്‌ നേഹിതരെ!