Monday, 23 March 2009

വിശ്വ വിഖ്യാതമായ ജനാധിപത്യം!!

വീണ്ടും ഒരു തെരഞ്ഞെടുപ്പ്‌ മാമാങ്കം കൂടി വരവായ്‌.
തൊഴിൽ പടിച്ച ചേകവന്മാരും, ഈ തൊഴിലൊന്നറിഞ്ഞിട്ട്‌ തന്നെയെന്നു കരുതി വരുന്ന ഇളമുറക്കാരും, ആകാശത്തുനിന്നു പൊട്ടി വീഴുന്ന വരത്തൻ ചേകവന്മാരും എല്ലാം അരയും തലയും മുറുക്കി രംഗത്തെത്തിക്കഴിഞ്ഞു.
തുണയാളുകളെത്തേടി, ചേകവരും പിണിയാളുകളും കരയായ കരയാകെ മണ്ടി നടക്കുന്നു.
ബന്ധുക്കൾ ശത്രു പാളയത്തിലും, പ്രഖ്യാപിത ശത്രുക്കൾ സ്വന്തം പാളയത്തിലുമെത്തുന്ന അസുലഭ കാഴ്ചകളുടെ പടയണികൾ!
പകൽ പുലയാട്ട്‌ പറയുന്ന, ഗോത്ര മുഖ്യരെയും, നാടുവാഴികളെയും കണ്ട്‌ അനുഗ്രഹവും അനുസാരികളും വാങ്ങാൻ, പാതിരാ നേരങ്ങളിൽ, അവരുടെ അടുക്കള മുറ്റങ്ങളിൽ വെറും മണ്ണിൽ കുന്തിച്ചിരിക്കുന്ന ദൂത ഗണങ്ങൾ!
രംഗം ഒരുങ്ങിക്കഴിഞ്ഞു, അങ്കത്തട്ടിൽ, ചേകവർ നിരന്നു കഴിഞ്ഞു.
ഇനി അഭ്യാസക്കാഴ്ചകളുടെ ദിന രാത്രങ്ങൾ!
കണ്ടിട്ടുള്ളതും, ഇല്ലാത്തതുമായ, തന്ത്രങ്ങളും, മറു തന്ത്രങ്ങളും, മുറകളും ചതികളും. പോർവിളികളും, ആക്രന്ദനങ്ങളും.
ഇടയിൽ കടന്നു വരുന്ന കോമാളിക്കൂട്ടങ്ങളുടെ, അറപ്പിക്കുന്ന ചിരിയഭ്യാസങ്ങൾ.
ഒടുവിൽ, കാണികളെ വാനോളം പുകഴ്തി, നമ്മുടെ തെരഞ്ഞെടുക്കാനുള്ള അവകാശത്തെയും കഴിവിനേയും ഓർമ്മിപ്പിച്ച്‌, തലയിൽ ചൊറിഞ്ഞ്‌, അവർ നിരന്നു നിൽക്കും! ആരുടെ നേരെ നമ്മുടെ വിരൽ നീളും എന്ന ആകാംക്ഷ കത്തുന്ന കണ്ണുകളുമായി.

കൊട്ടി ഘോഷങ്ങളിൽ, വിടുവായത്തരങ്ങളിൽ, പാഴ്‌ പ്രശംസകളിൽ, കണ്ണും കരളും മഞ്ഞളിച്ചു പോകുന്ന കാണികൾ, ഇന്നലെകളുടെ പാഠങ്ങൾ മറന്നു പോകുന്നു.
മുന്‌കാലങ്ങളിൽ നമ്മുടെ വിരൽത്തുമ്പിലൂടെ വിജയപഥം പൂകിയവർ, പൃഷ്ഠവും ചൊറിഞ്ഞ്‌ തിരിഞ്ഞു നടന്നതും, നമ്മുടെ മുഖത്തു കാറിത്തുപ്പിയതും.
തമ്മിൽത്തമ്മിൽ അടരാടിയവർ ഒന്നിച്ചു ചേർന്ന് നമ്മുടെ പൊടിയരി കഞ്ഞി കൂടി ഊറ്റിയെടുത്ത്‌ ആർമാദിച്ചു നടന്നതും!

എങ്കിലും ആരെയുടെയെങ്കിലും നേർക്ക്‌ നമുക്ക്‌ വിരൽ ചൂണ്ടാതിരിക്കാനാവില്ലല്ലൊ!
നമുക്ക്‌ ചേർന്ന ചേകവനെ ചൂണ്ടിക്കാണിക്കാൻ, നമുക്ക്‌ വഴിയുമില്ലല്ലൊ.
നമ്മുടെ മുന്നിൽ നിരത്തി നിർത്തുന്ന പേക്കോലങ്ങളിൽ നിന്നൊന്നിനെ തെരഞ്ഞെടുക്കാനുള്ള പരിമിത അവകാശം മാത്രമാണ്‌ നമുക്കുള്ളതെന്നറിയുക.
ഇതൊരു കൂട്ടു കച്ചവടം മാത്രമെന്നറിയുക.
വിജയിച്ചാലും, തോറ്റാലും മാമാങ്കക്കമ്മിറ്റിയുടെ ഓരങ്ങളിൽ പന്തി ഭോജനം ഇരു ചേകവർക്കും തുല്യം.

പക്ഷെ ആഘോഷങ്ങളെല്ലാം നമ്മുടെ പേരിൽ, ചിലവിൽ, നമുക്കു വേണ്ടി എന്നത്രേ താളിയോലകളിൽ വരഞ്ഞിരിക്കുന്നത്‌!
എന്നാൽ പന്തിയിൽ ഇടമില്ലാത്തതും, എത്തിനോക്കിയാൽ പോലും ആട്ടിയിറക്കപ്പെടുന്നതും നമ്മൾ മാത്രം.
ഇതത്രേ വിശ്വ വിഖ്യാതമായ ജനാധിപത്യം!!

Sunday, 15 March 2009

ജനാധിപത്യത്തിന്റെ ആഘോഷങ്ങൾ!

ആയിരത്തി തൊള്ളായിരത്തി നാൽപ്പത്തി ഏഴ്‌ ആഗസ്റ്റ്‌ മാസം പതിനഞ്ചാം തിയതി (എന്റെ ഓർമ ശരിയാണെങ്കിൽ!) സംസ്കാരങ്ങളുടെയും, സമ്പത്തിന്റെയും, സമൂഹ്യ വൈവിധ്യങ്ങളുടെയും ആകെത്തുകയായിരുന്ന ഹിന്ദുസ്ഥാനത്തെ പീസ്‌ പീസാക്കി, പാകിസ്ഥാനെന്ന അരാജക മേഖലയെയും, ഭാരതമെന്ന രാഷ്ട്രീയ സർക്കസ്‌ ക്യാമ്പിനെയും സൃഷ്ടിച്ച്‌ പടിയിറങ്ങുമ്പോൾ, സൂര്യനസ്തമിക്കാത്ത രാജ്യത്തിന്റെ അധിപതികൾ, ഇത്രയൊന്നും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല!

മേൽപറഞ്ഞ രണ്ടു രാജ്യങ്ങളും, തുടക്കം മുതലേ തമ്മിൽ തല്ലാനും മത്സരിക്കനും തുടങ്ങിയതാണു. ഭാരതം ഒരു വാണം (മിസ്സെയിലു മിസ്സെയിൽ!)വിട്ടാൽ ഒരൊന്നൊന്നര വാണം വിടും പാകിസ്ഥാൻ. അവരൊരു ഓലപ്പടക്കം പൊട്ടിച്ചാൽ, ഗുണ്ടു പൊട്ടിക്കും നമ്മൾ!
രണ്ടിടങ്ങളിലേയും ഭൂരിപക്ഷം പൗരക്കുഞ്ഞുങ്ങളും അരപ്പട്ടിണിയും മുഴുപ്പട്ടിണിയിലുമാണെങ്കിലെന്ത്‌? കാഷ്മീരിലെ മഞ്ഞു മലകളിൽ പൊട്ടിച്ചു തീർക്കാൻ പടക്കം വാങ്ങിയല്ലെ പറ്റു?

അങ്ങനെയങ്ങനെ, ലോകത്തിനു മുഴുവൻ ടെൻഷൻ അകറ്റാനുള്ള നമ്പൂരി ഫലിതങ്ങളും, സർദ്ദാർ ജോക്കുകളും , ഇവരു രണ്ടു കൂട്ടരും കൂടി കാലാകാലങ്ങളായി നൽകി വരുന്നുണ്ടായിരുന്നു.

എന്നാലും പാകിസ്ഥാൻ, ഇത്ര വാശിക്കാരാണെന്ന് ഇപ്പഴേ മനസ്സിലായുള്ളു. ഭാരതത്തിൽ തെരഞ്ഞെടുപ്പു മാമാങ്കം പ്രഖ്യാപിച്ചതേയുള്ളു, അവിടെയും തുടങ്ങി ഉന്തും തള്ളും, കുതികാൽ വെട്ടും.

ഏതൊരു രാജ്യവും അനുകരിക്കേണ്ട രാഷ്ട്രീയ മാതൃകകളാണു ഇന്ത്യ അനുദിനം പുറത്തിറക്കുന്നത്‌. ഇന്നു രാവിലെ ബി.ജെ.പി ക്യാമ്പിലിരുന്ന് പഴങ്കഞ്ഞിയും, കാവിപ്പൊടി കലക്കിയതും കുടിച്ചയാൾ, ഉച്ചയൂണിനു കോൺഗ്രസ്സ്‌ പതാക കൊണ്ടു തല മൂടി, നമ്പർ 10 ജൻപത്‌ റോഡിലെ മാഡത്തിനു മുന്നിൽ ഓച്ചാനിച്ചു നിൽക്കുന്നു. ഇദ്ദേഹം അന്തിക്കൂട്ടിനു, നരച്ചു നിറം മങ്ങിയ ചെങ്കൊടി കത്തിച്ച വെളിച്ചത്തിൽ, മായാവതിയുടെ മണിയറ തപ്പി പോകുന്നു! രാഷ്ട്രീയ ആദർശങ്ങൾക്കും, സത്യസന്ധതക്കും, ഇത്രയേറെ പ്രാമുഖ്യം നൽകുന്ന ഒരു നാട്‌ വേറെയില്ല തന്നെ!

സ്വന്തം ഭാര്യയുടെ ചുടു ചോരയിൽ നനച്ചെടുത്ത അധികാരക്കസേരയിലിരുന്ന്, പാകിസ്ഥാൻ കാരെയൊന്നടങ്കം പരിഹാസ പാത്രങ്ങളാക്കിയ, മഹാനായ പ്രസിഡന്റിനും കൂട്ടുകാർക്കും ഇതൊക്കെ കണ്ട്‌ അടങ്ങി ഇരിക്കാനാവുമോ? അവരും തുടങ്ങിക്കഴിഞ്ഞു, ചാട്ടവും, തുള്ളലും, കെട്ടിമറിയലും.


ഏതായാലും, രണ്ടു നാട്ടുകാർക്കും കുറച്ചു കാലത്തേക്ക്‌, ആഘോഷിക്കനുള്ളത്‌ രണ്ടിടത്തും ഉള്ളതിനാൽ, ഇതൊന്നു കഴിച്ചിലാകുന്നതു വരെ തമ്മിൽ തല്ലു കുറഞ്ഞു വരുമെന്നു പ്രതീക്ഷിക്കാം. കാരണം തല്ലിനുള്ള വഹ നാട്ടിനുള്ളിൽ തന്നെ ഒത്തു വരുന്നുണ്ടല്ലോ!