Monday, 22 December 2008

ആന(ലു)വായിലെ അംബുജാക്ഷൻ!

വെറുതെ 'മാതൃഭൂമി' ഓൺലൈനിൽ നോക്കിയപ്പോഴാണ്‌ ആലുവയിൽ നിന്നൊരു വാർത്ത കണ്ടത്‌. പ്രസംഗിച്ചു നിന്ന പിണറായി വിജയനെ ബസ്സിലിരുന്ന് വിമർശിക്കുകയും ചീത്ത (?) വിളിക്കുകയും ചെയ്ത അംബജാക്ഷനെന്ന യാത്രക്കാരനെ, വിജയന്റെ അനുയായികൾ എടുത്തിട്ടലക്കി!
ചിരിക്കണോ അതോ കരയണോ എന്നറിയാതെ കുറച്ചു നേരം ഇരുന്നുപോയി.
പാവം അംബുജാക്ഷനോടും, പ്രബുദ്ധരായ മുഴുവൻ മലയാളികളോടും സഹതാപം തോന്നി, ആദ്യം. പിന്നെ പിണറായി വിജയനു കിട്ടാൻ പോകുന്ന തല്ലുകളുടെ എണ്ണമോർത്തപ്പോൾ, സഹതാപം വിജയനോടായി.
കഴിഞ്ഞയാഴ്ചയാണ്‌ വിജയൻ കോടതിയെ അതി ഹീനമായി വിമർശിച്ചത്‌.
കഴിഞ്ഞ ദിവസമാണ്‌ സോണിയയെ വിവരമില്ലാത്തവൾ എന്നു വിളിച്ചത്‌.
കുറച്ചു കാലം മുമ്പാണ്‌ ഒരു ബിഷപ്പിനെ ഭള്ളു പറഞ്ഞത്‌.
ഇങ്ങനെ തനിക്കനഭിമതരായവരെയെല്ലാം ആക്ഷേപിക്കുകയും, പുലഭ്യം പറയുകയും ചെയ്യുന്ന വിജയനെ, മേൽപറഞ്ഞവരുടെയെല്ലാം അനുയായികളെന്നവകാശപ്പെട്ട്‌ കുറെ ഗുണ്ടകൾ കൈകാര്യം ചെയ്തു കഴിയുമ്പോൾ എന്തായിരിക്കും വിജയന്റെ സ്ഥിതി എന്നോർത്തപ്പോൾ....
സഹതപിച്ചല്ലേ പറ്റൂ!
നമ്മുടെ നാടിതെങ്ങോട്ടാണ്‌ പോകുന്നത്‌?
മണിക്കൂറുകളോളം ബസ്സിലിരുന്ന് വലഞ്ഞവൻ, അതിനു കാരണക്കാരനായവനെ കണ്ടപ്പോൾ അവന്റെ പ്രതിക്ഷേധം പുറത്തറിയിച്ചത്‌, ഇത്ര വലിയ തെറ്റോ?
ഇൻഡ്യൻ പ്രസിഡന്റിനേയും, സുപ്രീം കോടതി ചീഫ്‌ ജസ്റ്റീസിനേയും വരെ അറിഞ്ഞും അറിയാതെയും, ആവശ്യത്തിനും അനാവശ്യത്തിനും വിമർശിക്കുന്ന,
സിനിമകളിലും, കോമഡിഷോകളിലും വിഡ്ഡിവേഷം കെട്ടിക്കുന്ന കേരളത്തിൽ,
സമ്മതിദായകർ ഒന്നുറക്കെ തുമ്മിയാൽ, വീട്ടിൽ ഭാര്യ പോലും വില നൽകാത്ത അവസ്ഥയിലാകുന്ന, ചീഞ്ഞ രാഷ്ട്രീയക്കാരന്റെ ദാർഷ്ട്യം, എന്തേ അംഗീകരിക്കപ്പെടുന്നു?
അംബുജാക്ഷന്റെ നാട്ടിൽ നിന്നും, ഗ്രാമവാസികൾ ഒന്നുചേർന്ന് വന്ന്, എന്തേ ഈ അഹന്തയെ ചോദ്യം ചെയ്തില്ല?
ഇതാണ്‌ കേരളം!
മലയാളിയുടെ ഈ പ്രതികരണശേഷിയില്ലായ്മയെ, ഇവിടെ ഇടതനും, വലതനും, കാവിയും, പച്ചയും, വെള്ളയും എല്ലാം, വിറ്റ്‌ കാശാക്കുന്നു.
എന്നിട്ടവന്റെ മുഖത്ത്‌ കാറിത്തുപ്പുന്നു,
കിട്ടുന്ന സമയത്തെല്ലാം തല്ലിയൊതുക്കുന്നു.
ഇക്കണ്ട കാലമെല്ലാം നാം വളർത്തിയെടുത്ത നീണ്ട വാൽ, ചുരുട്ടി ആസനത്തിൽ പരമാവധി ആഴത്തിൽ തിരുകി, നമുക്കു കണ്ണീർ പരമ്പരകളിലെ നായികമാരെക്കുറിച്ചോർത്ത്‌ കണ്ണീർ തൂകാം! വരിക സ്‌ നേഹിതരെ!

Saturday, 29 November 2008

അമ്മേ നിന്റെ കരളുറപ്പിനു മുൻപിൽ!

മൂന്നു ദിവസം, ഭാരതത്തെ മുഴുവൻ മുൾമുനയിൽ നിർത്തിയ ഭീകരാക്രമണം അവസാനിച്ചു എന്നു തൽക്കാലം വിശ്വസിക്കുക.
110 കോടി ജനങ്ങളുടെ ഞെഞ്ചിൽക്കയറി താണ്ടവമാടി, നമ്മൾ അഭിമാന പൂവ്വം ലോകത്തിനു മുമ്പിൽ ഉയർത്തിപ്പിടിച്ചിരുന്ന, മുംബയ്‌ നഗരത്തെ അക്ഷരാർത്ഥത്തിൽ ചുട്ടുകരിച്ചിട്ട്‌, ഭീകരർ അട്ടഹസിക്കുമ്പോൾ, നാം ലജ്ജിച്ചു തല താഴ്തുക!

ഭീകരരെ തകർക്കാനായി ധീരധീരം പോരാടിയ എല്ലാവർക്കും ഈ നാടിന്റെ അഭിവാദ്യം!

പോരാട്ടത്തിനിടയിൽ വീണുപോയ അമരന്മാരെ, നെഞ്ചിൽ വച്ചാരാധിക്കുക!

എങ്കിലും, എല്ലാറ്റിലുമുപരിയായി, ഏറ്റവും ഉന്നതമായ അഭിവാദ്യം, ശ്രീമതി കാർക്കറെ- യ്കുള്ളതാണ്‌.

നഗരം കത്തിയെരിയുമ്പോൾ അവിടെയോടിയെത്തി നാടകം കളിച്ച എല്ലാ നാണം കെട്ട രാഷ്ട്രീയക്കാരുടെയും, ചീർത്ത മുഖത്താണമ്മേ അവിടുന്ന് ആഞ്ഞടിച്ചത്‌.

നരേന്ദ്ര മോഡി സ്വന്തം ഭർത്താവിന്റെ ജീവന്‌ വിലയിടാൻ വന്നപ്പോൾ, അങ്ങ്‌ ഭാരത സ്ത്രീയുടെ ആത്മ ശക്തിയുടെ മഹത്വം കാണിച്ചു കൊടുത്തു.

ഇനിയും വരും, അങ്ങയുടെ ധീരനായ ഭർത്താവിന്റെ ജീവത്യാഗത്തെ, സ്വന്തം വോട്ട്‌ ബാങ്കിലേക്കുള്ള നിക്ഷേപമാക്കാൻ ശ്രമിച്ചു കൊണ്ട്‌,വലതും, ഇടതും, നടുവും, മൂന്നാം തരവും ഒക്കെ.

അവരുടെയൊക്കെ മുഖത്ത്‌ കാറിത്തുപ്പുക!

അമ്മേ നിന്റെ കരളുറപ്പിനു മുന്നിൽ തല വണങ്ങുന്നു ഞങ്ങൾ!

Wednesday, 19 November 2008

ഒരു നീീീീീീീീണ്ട കഥ!

പണ്ട്‌ പണ്ട്‌ ഒരു പുലിക്ക്‌ ഒന്ന് പൂശാൻ മുട്ടി.
പുലിയായതിനാൽ അങ്ങനെയിങ്ങനെ എവിടെയെങ്കിലും പോയി പൂശാനും പറ്റില്ലല്ലൊ.
പുലിയച്ചൻ അവിടെയുമിവിടെയും കുറെ കറങ്ങി. ങേഹെ! നോ രക്ഷ!

അപ്പോഴാണ്‌ അടുത്ത ഗുഹയിൽ താമസിക്കുന്ന വൻപുലിയച്ചന്റെ കാര്യം പുലിയച്ചൻ ഓർത്തത്‌. വൻപുലി ഒരൊന്നൊന്നര സിമ്മം വരും. കാട്ടിന്റെ ഒരു പ്രദേശം മൂപ്പരുടെ അണ്ടർ കണ്ട്രോൾ.

കുറെയേറെ ഭാര്യമാർ! കണക്കില്ലാതെ മക്കൾ! (ഇനി കുറേ ദത്ത്‌ പുത്രിമാരെ കൂടി നോട്ടമിട്ടിട്ടുമുണ്ട്‌.)

പുലിയച്ചനാണെങ്കിൽ വൻപുലിയുടെ ക്ലോസ്‌ എയ്ഡ്‌, പടയാളി, വെടിക്കാരൻ എല്ലാമെല്ലാം.

പിന്നെന്തിനു ദൂരെ തപ്പണം! പുലിയച്ചൻ കേറി മുട്ടി.
വാവു കാലമല്ലാഞ്ഞിട്ടും ഒരു പുലിപ്പുത്രി കനിഞ്ഞു!

(പൂശൽ ഒരാഗോള പ്രതിഭാസവും, കയ്യിട്ടാൽ വീണ്ടും വീണ്ടും നക്കിക്കുകയും നക്കിത്തീരുമ്പോൾ, അയ്യെ വേണ്ടായിരുന്നു എന്നു തോന്നിക്കുകയും, ഇനിയില്ല എന്ന്‌ ഇത്തിരി നേരത്തേക്കു തോന്നിപ്പിക്കുകയും ചെയ്യുന്ന ഒരു തരം ചക്കരക്കുടവുമാണല്ലോ.)

ഏതായാലും പുലിയച്ചന്റെ പൂശൽ പുലിയച്ചിക്കു ക്ഷ പിടിച്ചു. അതിനാൽത്തന്നെ കാര്യങ്ങൾ അനുസ്യൂതം, അവിരാമം, അനർഗ്ഗളം തുടർന്നുകൊണ്ടേയിരുന്നു.

ഇതിനിടയിലാണ്‌ വൻപുലി ഒരു പുതിയ ദത്തു പുത്രിയെ ഗുഹയിലെത്തിച്ചത്‌.

കഴിച്ചുകൊണ്ടിരിക്കുന്ന സദ്യ എത്ര കേമമായിരുന്നാലും, പുതിയൊരു തട്ടുകട കണ്ടാൽ ഒന്നു കയറി നോക്കണമെന്നും, കപ്പ ബിരിയാണി രുചിക്കണമെന്നും ഏതു പട്ടരെയും പോലെ പുലിയച്ചനും തോന്നിയതിൽ ദോഷം പറയാനില്ല.

പക്ഷെ വൻപുലി മടയിൽ പുതുമുഖമായതിനാൽ പുതു പുലിയച്ചി വീണില്ല.
(എന്നോർത്ത്‌ പഴയ പുലിയച്ചിമാരെല്ലാം വീണോ എന്നെനിക്കറിയില്ല)

എന്തിനേറെ പറയുന്നു. പുലിയച്ചനു വാശി,
സ്ഥിരം കുറ്റിക്കു കോപം,
ദത്തു പുത്രിക്കു പണിയായി, പാരകളായി.

അങ്ങനെയിരിക്കെ കൂനിന്മേൽ കുരു പോലെ ഒരു നാൾ ദത്ത്‌ പുത്രി ആ കാഴ്ച കണ്ടു!!
ആരെയും ഹർഷ പുളകിതരാക്കുന്ന കാഴ്ച!!!!

പുലിയച്ചനും പുലിയച്ചിയും ഞെട്ടിത്തെറിച്ചു, പൊട്ടിത്തകർന്നു!!

ഒടുവിൽ ഭീകരമായ ആ കൃത്യം നടന്നു.
പുലിയച്ചനും, പുലിയച്ചിയും, പുലിയച്ചന്റെ കൂട്ടുകാരൻ നരിയും ചേർന്ന് ദത്തു പുത്രിയെ കടിച്ചു കീറി കുറ്റിക്കാട്ടിൽ തള്ളി.

അന്വേഷണത്തിനു വന്ന കുറുക്കൻ, ലവൾ ഉറുമ്പ്‌ കടിച്ചു മരിച്ചു എന്നെഴുതി തന്റെ പാടവം തെളിയിച്ചു. (കൂലിയായി പുലിയച്ചിയെ പൂശിക്കാണും! യേയ്‌ ഇല്ലാരിക്കും).

പിന്നീട്‌ വന്നവൻ ചെന്നായ. ജഗ ജില്ലി, കില്ലാടി.
അദ്യേം, ചത്തതു വെറും എലിയാണെന്നു സമർത്ഥിച്ചു തൃപ്തിയടഞ്ഞു.

അങ്ങനെ വന്നവനും പോയവനും കയറി മെഴുകി മെഴുകി ദത്ത്‌ പുത്രിയുടെ കഥ, വീണ്ടും വീണ്ടും കഴിഞ്ഞു കൊണ്ടിരുന്നു.

ഒടുവിലൊരു നാൾ കള്ളി വെളിയിലായി. പൂശലിന്റെ കാണാക്കഥകൾ ഒരു ചുണ്ടെലി കരണ്ടെടുത്തു വേളിയിലിട്ടു.

അപ്പോഴേക്കും പുലിയച്ചനും പുലിയച്ചിയും പൂശാവുന്നിടത്തോളം പൂശി, ഇനിയും പൂശാനകാത്ത പരുവത്തിലെത്തിയിരുന്നു.

ഇപ്പേരിൽ ഒളിഞ്ഞും തെളിഞ്ഞും പൂശിയിരുന്നവരൊക്കെ ഇവരെ കയ്യൊഴിഞ്ഞിരുന്നു.

ഗതിയും നീതിയും കിട്ടാതെ അലഞ്ഞിരുന്ന പുലിപ്പെണ്ണിന്റെ ആത്മാവു പോലും അലച്ചിൽ നിർത്തി സീരിയലിൽ അഭിനയിക്കാൻ പോയിത്തുടങ്ങിയിരുന്നു!

വൈകിയെത്തിയ നീതി ഇനി ആർക്കു വേണം!

കാടർക്കിനി ഒരൊറ്റ ആഗ്രഹം മാത്രം ബാക്കി.

വന (നീതി) ദേവതമാരെപ്പോലും ആവാഹിച്ചിരുന്ന ശാപത്തിന്റെ ആവരണം എന്നെന്നേക്കുമായി മാഞ്ഞു പോയിരുന്നെങ്കിൽ!!

സത്യത്തിനു വിജയിക്കാൻ അനന്തമായി കാത്തിരിക്കേണ്ടി വരില്ലായിരുന്നെങ്കിൽ!!

(യെവടെ! ഇങ്ങനെയൊക്കെ അല്ലെങ്കിൽ, ഇതു ദൈവത്തിന്റെ സ്വന്തം കാടാവുന്നതെങ്ങിനെ!!!)

Avasanam "Abhaya"m

The culprits are arrested for the murder of Sr. Abhaya.
At last the truth wins.
All the pressures political, bureaucratic and monetary fails in front of shear truth.
I still remember a lesson studied in the school classes, " Good sees the truth but waits"

Sunday, 20 July 2008

വിലയില്ലാത്ത ജീവൻ!

മതമില്ലാത്ത 'ജീവനെ'യുമായി സ്കൂളിലേക്കു പോയ അന്‌വർ റഷീദും ഭാര്യയും വിചാരിച്ചിരുന്നില്ല, അവരുടെ മകൻ ഇത്ര വലിയ പാതകത്തിന്റെ ഉത്തരവാദിയാകുമെന്ന്.
അവന്റെ പേരിൽ അനേകം നിരപരാധികൾ കല്ലേറു കൊണ്ടതും,
കോടികളുടെ പൊതു മുതൽ നശിപ്പിക്കപ്പെട്ടതും അവർ ശ്രദ്ധിച്ചതേയില്ല.
കാരണം അവരുടെ മകന്‌ ജീവനെന്ന് പേരിട്ടില്ലായിരുന്നെങ്കിലും,
ഇതിനൊന്നും ഒരു മാറ്റവും ഉണ്ടാകുമായിരുന്നില്ലല്ലോ!
നാട്‌ ഭരിക്കുന്നവന്‌ നട്ടെല്ലില്ലെങ്കിൽ,
അവനെ ഭരമേൽപ്പിച്ചിരിക്കുന്ന പൊതുമുതലും
പൊതുജനത്തിന്റെ ആത്മാഭിമാനവും
പട്ടിനക്കി പോയതു തന്നെ.
തങ്ങളുടെ മകന്റെ പേരിൽ
തുണിയുരിഞ്ഞും
തുണിയുരിയാതെയും
ചാടിത്തുള്ളുന്നവർക്കും അറിയാം
ഇതു വെറും ചവിട്ടുനാടകം മാത്രമാണെന്ന്!
പക്ഷെ ഇന്ന് വാലില്ലാപ്പുഴയിലെ ഒരു അധ്യാപകന്റെ
ജീവൻ
പൊലിയാൻ കാരണം
നിഷ്കളങ്കനായ ഈ പാവം ജീവനാണെന്ന ചിന്ത അവരെ വല്ലാതെ അലോസരപ്പെടുത്തി.
വളർന്നു വരുമ്പോൾ ഈ കുരുന്നിനു നേരെ നാട്ടുകാർ വിരൽ ചൂണ്ടില്ലെന്നാരു കണ്ടു!
ഈ കുരുന്നിനെ ആദ്യാക്ഷരം പഠിപ്പിക്കേണ്ട അധ്യാപകനു പക്ഷേ
"വിലയില്ലാത്ത ജീവൻ"

Monday, 30 June 2008

കായേനെന്ന വിപ്ലവകാരി

ചെറുപ്പകാലം മുതലെ കായേന്‌ യഹോവയെ ഇഷ്ടമേയല്ലായിരുന്നു. അങ്ങേരുടെ തോട്ടത്തിൽ നിന്നൊരു പഴം തിന്നതിന്‌ തന്റെ മാതാപിതാക്കളെയും രണ്ട്‌ കുരുന്നു കുട്ടികളെയും കുടിയിറക്കിയ ജന്മിത്ത സ്വഭാവം അവന്റെ മനസ്സിൽ വെറുപ്പു നിറച്ചു.
എന്നിട്ടും അപ്പനും അമ്മയും യഹോവയെക്കുറിച്ചു സ്തുതിച്ചു പറയുന്നത്‌ കേൾക്കുമ്പോൾ കായേന്‌ അവരോട്‌ സഹതാപം തോന്നി.
അവരോടൊപ്പം കൂടുന്ന ആബേലിനോട്‌ കായേനെന്നും വെറുപ്പായിരുന്നു.
ഒരു വിളവെടുപ്പു കാലത്ത്‌ യഹോവയ്ക്കു നൽകേണ്ട വീതത്തെ ചൊല്ലി വീട്ടിൽ വലിയ സംസാരമുണ്ടായി. നമ്മൾ അധ്വാനിച്ചുണ്ടാക്കിയത്‌ നമ്മുടെ ആവശ്യത്തിനുള്ളതാണെന്ന കായേന്റെ വാദം ആരും സമ്മതിച്ചു തരുന്നില്ല. എല്ലാവർക്കും യഹോവയെ വലിയ ഭയം!
ഒടുവിൽ കായേനും ആബേലും ഒരു ഒത്തുതീർപ്പിലെത്തി.
നല്ലതെല്ല്ലാം മാറ്റി വച്ചിട്ട്‌ ബാക്കിയുള്ളത്‌ മാത്രം യഹോവയ്ക്‌!
കുറെ പതിരും, ചീഞ്ഞു തുടങ്ങിയ കായ്‌ കനികളുമായി ചെന്ന കായേനെ യഹോവ ഭൽസിച്ചു. മാലാഖമാരെ വിട്ടു തല്ലിക്കുകയും ചെയ്തു.
ആബേലാകട്ടെ ചേട്ടനുമായുള്ള കരാറൊക്കെ മറന്ന് തന്റെ കയ്യിലെ ഏറ്റവും നല്ല ആട്ടിങ്കുട്ടിയെ കൊണ്ടു കൊടുത്തു യഹോവയ്ക്‌!
യഹോവ കൊടുത്ത സമ്മാനങ്ങളുമായി വന്ന കരിങ്കാലിയായ ആബേലിനെ കായേൻ ഉന്മൂലനം ചെയ്തു.
ഇതറിഞ്ഞ യഹോവ കായേനെ നാടു കടത്തുകയും, ഊരു വിലക്കേർപ്പെടുത്തുകയും ചെയ്തു.
എങ്കിലും കായേൻ സംതൃപ്തനായിരുന്നു.
വർഗ്ഗ സമരത്തിൽ പിന്നിൽ നിന്നു കുത്തിയവനെ ശിക്ഷിച്ചതിന്റെ ത്രുപ്തി.
പിന്നീടു വന്ന തലമുറകൾ കായേന്റെ ത്യാഗ ഫലം അനുഭവിച്ചു. യഹോവയെക്കാൾ പ്രധാനികളായി, രാജക്കളായി.
എങ്കിലും പുതിയ ജന്മിത്തത്തിലേക്കു നീങ്ങിയ ശൗ്ലും, ബെത്‌സേബയെ പീഡിപ്പിച്ച ദാവീദും, ആദ്യത്തെ വിപ്ലവ നായകന്റെ ആത്മാവിനെ ഇന്നും പീഢിപ്പിച്ചുകൊണ്ടിരിക്കുന്നു.

Sunday, 22 June 2008

ബിസിനസ്സ്‌ മാഗ്നറ്റ്‌

മാത്തച്ചൻ വളരെ കഷ്ടപ്പെട്ടാണ്‌ ഡിഗ്രി പാസായത്‌.
റബ്ബർ ടാപ്പിംഗ്‌ തൊഴിലാളിയായ അപ്പൻ, ആവതില്ലെങ്കിലും ആശകൊണ്ടാണ്‌ അവനെ ഇത്രയും പഠിപ്പിച്ചത്‌.
ഒരു ശരാശരി മലയാളി യുവാവിനെപ്പോലെ മാത്തച്ചനും ജോലി തെണ്ടലും, കവലയിൽ കറങ്ങി നടക്കലും ശീലമാക്കി.
വെറുതെ നടക്കുമ്പോഴും അപ്പന്റെ ജോലിയിൽ ഒരു കൈ സഹായിച്ചു ശീലമില്ലാത്ത മാത്തച്ചനൊടുവിൽ
സർക്കാർ ജോലി കിട്ടി.
എൽ. ഡി. സി.
മാസം അഞ്ഞൂറു രൂപ കിട്ടുന്ന ജോലികിട്ടണേയെന്ന് കൊതിച്ചു നടന്ന മാത്തന്‌ തുടക്കത്തിലേ കിട്ടിയത്‌ 3500 രൂപ!
ആനന്ദലബ്ദിക്കിനിയെന്തു വേണം!
പിറ്റേമാസം മാത്തൻ യൂണിയനിൽ അംഗമായി!
അടുത്ത മാസം ആദ്യത്തെ കൈക്കൂലി വാങ്ങി!
ആറുമാസത്തിനുള്ളിൽ ഓഫീസിലെ ഏറ്റവും വലിയ കൈക്കൂലിക്കാരനെന്ന പേരു കിട്ടി!
അതോടെ പ്രമോഷനായി, യൂണിയൻ നേതാവായി!
കാറും ബംഗ്ലാവുമായി!
ആർത്തി തീരാതെ ബ്ലേഡ്‌ കമ്പനിയും റിയൽ എസ്റ്റേറ്റ്‌ ബിസിനസ്സും നടത്തി.
ഒടുവിൽ യഥാർഥ ബിസിനസ്സ്‌ കണ്ടെത്തി!
മാത്തച്ചൻ സഹോദരൻ മാത്തുവായി!!
വചനപ്രഘോഷണവും രോഗശാന്തിയും വിൽപനയ്ക്കു വച്ചു!
പിന്നെ തിരിഞ്ഞു നോക്കിയിട്ടേയില്ല!
എന്തതിശയമേ ദൈവത്തിൻ സ്നേഹം.......

Monday, 16 June 2008

ഇതെന്തു കൂത്ത്‌?

കുറേ കാലത്തെ ഇടവേളക്കുശേഷം ആവേശത്തോടെ ബ്ലോഗുകൾ തുറന്നപ്പോൾ കുറെയെണ്ണം കറത്തും കുറെ കറക്കാതെയും!
തപ്പി ചെന്നപ്പോൾ ഏതോ കേരൾ കോമൻ ആരുടെയൊക്കെയോ സന്തതികളെ പിടിച്ചോണ്ടു പോയീന്നൊ പീഡിപ്പിച്ചെന്നൊ നഗ്നയാ(നാ)ക്കി യെന്നൊ ഒക്കെ ഒരുവശത്ത്‌.
കഴിവുള്ളവരു ചെയ്യട്ടപ്പനേയെന്നു മറു വശം!
99 ശതമാനം വരുന്ന ഏഴാം കൂലി ബ്ലോഗർമാർ, ആത്മഹർഷത്തിനു മാത്രം ബ്ലോഗുന്നവർ, ഒന്നുമറിയാതെ വശക്കേടിൽ.
ഏതേലും പീസിനെ ആരേലും അടിച്ചു മാറ്റിയെങ്കിൽ അതിനെന്തൊ സൗന്ദര്യം ഉള്ളതുകൊണ്ടല്ലേ സോദരരെ?
അതോ മറ്റുവല്ല ബൗദ്ധിക സ്വത്തവകാശ പ്രശ്നവും?
അത്ര ഉയർന്ന ബൗദ്ധിക നിലവാരമുള്ളവരിൽ വിരലിലെണ്ണാവുന്നവരെയേ മലയാള ബ്ലോഗുകളിൽ കാണാറുള്ളുവെന്നു പാണർ പാടുന്നതും തെറ്റിയെന്നോ!