Monday, 19 November 2007

"മൂങ്ങ"

സേതു പണ്ടേ ഒരു ഏകാകിയാണ്‌.

സ്കൂളില്‍ സേതുവിന്റെ ചെല്ലപ്പേര്‌ "മൂങ്ങ" എന്നാവാന്‍ കാരണം, അധികം മിണ്ടാതെയും എല്ലാവരില്‍ നിന്നും ഒഴിഞ്ഞു മാറുന്ന സ്വഭാവവും കൊണ്ടായിരുന്നു.

സ്കൂളിലെ സേതുവിന്റെ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം കളിക്കളത്തിന്റെ അരികിലുള്ള പടര്‍പ്പന്‍ മാവായിരുന്നു.

മറ്റുള്ളവര്‍ കളിച്ചു തിമിര്‍ക്കുമ്പോള്‍ സേതു മാവിന്‍ ചില്ലയിലിരുന്ന് സ്വപ്നം കണ്ടു, താഴെ നടക്കുന്ന കോലാഹലങ്ങള്‍ കണ്ടു, ആകാശത്തില്‍ പറക്കുന്ന പക്ഷികളെയും മേഘത്തുണ്ടുകളെയും കണ്ടു.

ഒടുവില്‍ ഒരു നിയോഗം പോലെ സേതു ദുബായിലെത്തി.

ലോകത്തിലിന്നേവരെ ആരും അറിയാത്തൊരു സംതൃപ്തിയോടെ സേതു ജോലിയിലലിഞ്ഞു ചേര്‍ന്നു.

സേതു ഇപ്പോള്‍ ഒരു ടവര്‍ ക്രെയിന്‍ ഓപറേറ്ററാണ്‌.

Wednesday, 7 November 2007

ഹര്‍ത്താലേ നമ:

ഇന്നലെ യയലത്തെ ആണ്ടി മരിച്ചുപോയ്‌

ചാക്കാല ചൊല്ലണ്ടെ യാരു പോവും?

നല്ല സമറായനായി ഞെളിയുവാന്‍നല്ല സമയമി-തത്ര തന്നെ!

ചാത്തന്റെ സൈക്കിള്‍ കടം വാങ്ങി

ദു:ഖത്തിന്‍ മാറാല മോത്തു ചാര്‍ത്തി

പരോപകാരമിഥം ശരീരമെന്നു സ്വയം കരുതി

രാവിലെ തന്നെ ഞാന്‍ യാത്രയായി

വാഹനമൊന്നുമേയില്ല നിരത്തില്

‍ഹാ യെത്ര സുഖമീ സൈക്കിള്‍ യാത്ര!

തൊണ്ട വരണ്ടപ്പോളിറ്റു ജലത്തിനായ്‌

കൊച്ചു കടകളും കാണ്മതില്ല!!

മുന്നിലതാ ഘോരഘോരം ചിലക്കുന്നൊരാള്‍ക്കൂട്ടം

ഓ! ജാഥ!!!

കൂട്ടത്തിലൊരു ചെറു ബാല്യന്‍

ചിരിയോടെ വന്നെന്റെ സൈക്കിളിന്‍ കാറ്റുമഴിച്ചു വിട്ടു!!

പിന്നെ കഴുത്തില്‍ പിടിച്ചു ഞെരിച്ചിട്ടു

ചൊല്ലി അറിഞ്ഞില്ലെ യിന്നു ഹര്‍ത്താല്‍!!

ആര്‍ത്തനായ്‌ താന്തനായന്തിനേരത്തൊടെ

യാണ്ടി തന്‍ വീട്ടില്‍ തളര്‍ന്നിരുന്നു!!

ആരേ പ്രതീക്ഷിക്കാന്‍?ശവദാഹം നടക്കട്ടെ,

ഉള്ളവര്‍ മാത്രം കരഞ്ഞിടട്ടെ!!

ശവമഞ്ചം മെല്ലെ യെടുക്കവെ

കൂട്ടമായെത്തി കുറെപ്പേര്

‍ഓ! ആണ്ടിക്കുമെത്ര മിത്രങ്ങള്‍!!

വന്നവര്‍ ശവമഞ്ചം ബലമായ്‌ തടഞ്ഞു

ഇന്നു ശവദാഹം നടത്തുവാന്‍പാടില്ലറിഞ്ഞില്ലേ

യിന്നു ഹര്‍ത്താല്‍!!!

സുന്ദര കേരളം വെല്‍ക!!

ഹര്‍ത്താലേ നമ:


Sunday, 4 November 2007

തിരിച്ചറിവുകള്‍

യേശുദാസ്‌, റാഫി, വേണമെങ്കില്‍ കിഷോര്‍കുമാറും കഴിഞ്ഞാല്‍ എന്നോളം പാടാന്‍ കഴിയുന്നവര്‍ വേറെയില്ല എന്നേ ഞാന്‍ കരുതിയിട്ടുള്ളു.....

സൂപ്പര്‍ സ്റ്റാര്‍ ജൂനിയര്‍, ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്നിത്യാദി പരിപാടികള്‍ കാണുന്നതു വരെ!!

സര്‍ക്കാര്‍ വകുപ്പില്‍ എന്നെക്കാള്‍ കഴിവുള്ളവര്‍ തീരെയില്ല എന്നു തന്നെ ഞാന്‍ ഉറച്ചു വിശ്വസിച്ചു......

ജോലിയിലെ അലംഭാവത്തിനു കാരണം കാണിക്കല്‍ നോട്ടീസ്‌ കിട്ടും വരെ!!!

മലയാള സാഹിത്യലോകത്തിനു മുതല്‍ക്കൂട്ടാവും ഞാനെന്നു സ്ഥിരമായി ഞാന്‍ വീമ്പിളക്കിയിരുന്നു.......

ഗൂഗിളെന്ന പിടിവള്ളിയിലൂടെ ഞാന്‍ (മലയാളം) ബ്ലോഗുകള്‍ വായിക്കും വരെ!!!!