Saturday 8 December 2007

ദാസ്‌ കാപ്പിറ്റല്‍!

തങ്കൂട്ടന്‍ മണി എക്സേഞ്ചിലേക്ക്‌ നടന്നുകൊണ്ടിരുന്നു. നാട്ടിലേക്കു പണമയക്കണം.

ആകെ കിട്ടുന്നത്‌ 700 ദിര്‍ഹം.

മുന്‍പൊക്കെ 7500 രൂപ അയച്ചുകഴിഞ്ഞാലും പത്തു നൂറു ദിര്‍ഹം ബാക്കിയുണ്ടാകുമായിരുന്നു. ഭക്ഷണം ചുരുക്കിയാല്‍, ഹുണ്ടി ഫോണില്‍ നിന്നായാലും മാസത്തില്‍ ഒരു വട്ടം മക്കളോട്‌ സംസാരിക്കാമായിരുന്നു.

7500 രൂപ അയച്ചാലും കടക്കാരുടെ ചീത്തവിളിക്ക്‌ വലിയ കുറവില്ലെന്നാണ്‌ കല്ല്യാണി പറയുന്നത്‌.

ഇപ്പം ഇതാ 7500 രൂപ അയക്കണോങ്കില്‍ ബാക്കി ദിര്‍ഹം വല്ലിടത്തൂന്നും മോട്ടിക്കണ്ട അവസ്ഥ. ഇതിന്റെ ഗുട്ടന്‍സ്‌ തങ്കൂട്ടന്‌ ഇനിയും മനസ്സിലാകുന്നില്ല.

മുന്‍പ്‌ അദ്ധ്വാനിച്ചിരുന്നതിനേക്കാള്‍ കൂടുതലേ ഇപ്പോഴും അദ്ധ്വാനിക്കുന്നുള്ളു.

പിന്നെയെങ്ങിനെ കിട്ടുന്ന തുകയുടെ മൂല്യം കുറയുന്നു?

അറിയാവുന്നവരോട്‌ ചോദിച്ചാല്‍ ഡോളറെന്നോ പെഗ്ഗെന്നോ ഒക്കെ പറയുന്നു.

ഈ വള്ളിക്കെട്ടുകള്‍ തങ്കൂട്ടനു പിടികിട്ടുന്നേയില്ല.

തങ്കൂട്ടന്റെ കഷ്ടപ്പാട്‌ കുറഞ്ഞിട്ടില്ല!

കിട്ടുന്ന ദിര്‍ഹത്തിന്റെ അളവ്‌ കുറഞ്ഞിട്ടില്ല!

നോട്ടുകളുടെ രൂപവും നിറവും മാറിയിട്ടില്ല!

പിന്നെന്തേ നാട്ടില്‍ ഈ പണത്തിനു മൂല്യം കുറയാന്‍?

പ്രവാസിയുടെ അദ്ധ്വാനത്തിന്റെ മൂല്യം നാട്ടില്‍ കുറഞ്ഞു കുറഞ്ഞു വരികയാണോ?

തങ്കൂട്ടന്‍ താടിക്ക്‌ കൈയ്യും താങ്ങി എക്സേഞ്ചിന്റെ പുറത്ത്‌ പടിയിലിരുന്ന് അന്തം വിട്ടു.

Monday 19 November 2007

"മൂങ്ങ"

സേതു പണ്ടേ ഒരു ഏകാകിയാണ്‌.

സ്കൂളില്‍ സേതുവിന്റെ ചെല്ലപ്പേര്‌ "മൂങ്ങ" എന്നാവാന്‍ കാരണം, അധികം മിണ്ടാതെയും എല്ലാവരില്‍ നിന്നും ഒഴിഞ്ഞു മാറുന്ന സ്വഭാവവും കൊണ്ടായിരുന്നു.

സ്കൂളിലെ സേതുവിന്റെ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം കളിക്കളത്തിന്റെ അരികിലുള്ള പടര്‍പ്പന്‍ മാവായിരുന്നു.

മറ്റുള്ളവര്‍ കളിച്ചു തിമിര്‍ക്കുമ്പോള്‍ സേതു മാവിന്‍ ചില്ലയിലിരുന്ന് സ്വപ്നം കണ്ടു, താഴെ നടക്കുന്ന കോലാഹലങ്ങള്‍ കണ്ടു, ആകാശത്തില്‍ പറക്കുന്ന പക്ഷികളെയും മേഘത്തുണ്ടുകളെയും കണ്ടു.

ഒടുവില്‍ ഒരു നിയോഗം പോലെ സേതു ദുബായിലെത്തി.

ലോകത്തിലിന്നേവരെ ആരും അറിയാത്തൊരു സംതൃപ്തിയോടെ സേതു ജോലിയിലലിഞ്ഞു ചേര്‍ന്നു.

സേതു ഇപ്പോള്‍ ഒരു ടവര്‍ ക്രെയിന്‍ ഓപറേറ്ററാണ്‌.

Wednesday 7 November 2007

ഹര്‍ത്താലേ നമ:

ഇന്നലെ യയലത്തെ ആണ്ടി മരിച്ചുപോയ്‌

ചാക്കാല ചൊല്ലണ്ടെ യാരു പോവും?

നല്ല സമറായനായി ഞെളിയുവാന്‍നല്ല സമയമി-തത്ര തന്നെ!

ചാത്തന്റെ സൈക്കിള്‍ കടം വാങ്ങി

ദു:ഖത്തിന്‍ മാറാല മോത്തു ചാര്‍ത്തി

പരോപകാരമിഥം ശരീരമെന്നു സ്വയം കരുതി

രാവിലെ തന്നെ ഞാന്‍ യാത്രയായി

വാഹനമൊന്നുമേയില്ല നിരത്തില്

‍ഹാ യെത്ര സുഖമീ സൈക്കിള്‍ യാത്ര!

തൊണ്ട വരണ്ടപ്പോളിറ്റു ജലത്തിനായ്‌

കൊച്ചു കടകളും കാണ്മതില്ല!!

മുന്നിലതാ ഘോരഘോരം ചിലക്കുന്നൊരാള്‍ക്കൂട്ടം

ഓ! ജാഥ!!!

കൂട്ടത്തിലൊരു ചെറു ബാല്യന്‍

ചിരിയോടെ വന്നെന്റെ സൈക്കിളിന്‍ കാറ്റുമഴിച്ചു വിട്ടു!!

പിന്നെ കഴുത്തില്‍ പിടിച്ചു ഞെരിച്ചിട്ടു

ചൊല്ലി അറിഞ്ഞില്ലെ യിന്നു ഹര്‍ത്താല്‍!!

ആര്‍ത്തനായ്‌ താന്തനായന്തിനേരത്തൊടെ

യാണ്ടി തന്‍ വീട്ടില്‍ തളര്‍ന്നിരുന്നു!!

ആരേ പ്രതീക്ഷിക്കാന്‍?ശവദാഹം നടക്കട്ടെ,

ഉള്ളവര്‍ മാത്രം കരഞ്ഞിടട്ടെ!!

ശവമഞ്ചം മെല്ലെ യെടുക്കവെ

കൂട്ടമായെത്തി കുറെപ്പേര്

‍ഓ! ആണ്ടിക്കുമെത്ര മിത്രങ്ങള്‍!!

വന്നവര്‍ ശവമഞ്ചം ബലമായ്‌ തടഞ്ഞു

ഇന്നു ശവദാഹം നടത്തുവാന്‍പാടില്ലറിഞ്ഞില്ലേ

യിന്നു ഹര്‍ത്താല്‍!!!

സുന്ദര കേരളം വെല്‍ക!!

ഹര്‍ത്താലേ നമ:


Sunday 4 November 2007

തിരിച്ചറിവുകള്‍

യേശുദാസ്‌, റാഫി, വേണമെങ്കില്‍ കിഷോര്‍കുമാറും കഴിഞ്ഞാല്‍ എന്നോളം പാടാന്‍ കഴിയുന്നവര്‍ വേറെയില്ല എന്നേ ഞാന്‍ കരുതിയിട്ടുള്ളു.....

സൂപ്പര്‍ സ്റ്റാര്‍ ജൂനിയര്‍, ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്നിത്യാദി പരിപാടികള്‍ കാണുന്നതു വരെ!!

സര്‍ക്കാര്‍ വകുപ്പില്‍ എന്നെക്കാള്‍ കഴിവുള്ളവര്‍ തീരെയില്ല എന്നു തന്നെ ഞാന്‍ ഉറച്ചു വിശ്വസിച്ചു......

ജോലിയിലെ അലംഭാവത്തിനു കാരണം കാണിക്കല്‍ നോട്ടീസ്‌ കിട്ടും വരെ!!!

മലയാള സാഹിത്യലോകത്തിനു മുതല്‍ക്കൂട്ടാവും ഞാനെന്നു സ്ഥിരമായി ഞാന്‍ വീമ്പിളക്കിയിരുന്നു.......

ഗൂഗിളെന്ന പിടിവള്ളിയിലൂടെ ഞാന്‍ (മലയാളം) ബ്ലോഗുകള്‍ വായിക്കും വരെ!!!!


Monday 22 October 2007

നായ്‌

അബ്രയില്‍ ദുബായ്‌ ക്രീക്‌ കടക്കുമ്പോള്‍ഇടമലയാറില്‍ കുട്ടികളുമായി മുങ്ങിമരിച്ച ബോട്ടിനെ ഓര്‍ത്തു.
എമിറേറ്റ്സ്‌ ബില്‍ഡിങ്ങിനു മുകള്‍നിലയില്‍ നിന്നപ്പോള്‍
സുനാമിയില്‍ ആലപ്പാടു തീരം നക്കിയെടുത്ത തിരകളെ ഓര്‍ത്തു.
കടലിലെ ഓയില്‍ റിഗ്ഗില്‍ നിന്നപ്പോള്‍ പെറ്റ്രോളിനു വില കൂടിയപ്പോള്‍
വിറ്റുകളഞ്ഞ ബൈക്കിനെ ഓര്‍ത്തു.
നായ്‌ കടലില്‍ ചെന്നാലും
നാടും മൂടും
നക്കിക്കുടിയും മറക്കുമോ

Friday 19 October 2007

ദുബായ്‌ സ്വപ്നം

നാട്ടില്‍ കറങ്ങി നടന്നിട്ട്‌ വലിയ ഗുണം കണാതെയാണ്‍ മുട്ടനാട്‌ വിസ ഒപ്പിച്ചു ദുബായില്‍ എത്തിയത്‌। ആയ കാലത്ത്‌ തന്നെ നന്നായി പോറ്റിയ വീട്ടുകാരെ സഹായിക്കണം. ഏജന്റിന്റെ വാക്കില്‍ വിശ്വസിച്ച്‌ നല്ലൊരു ഫാമില്‍ ജോലിക്കായി എത്തിയതാണവന്‍.ഗിസയ്സിലെ മാര്‍ക്കറ്റില്‍ തന്നെ തേടി വരുന്ന വാഹനം കാത്ത്‌ അവന്‍ നിന്നു, പല നാട്ടുകാരോടൊപ്പം.ചുറ്റും വേലി കെട്ടിയ പിക്കപ്പില്‍ നിരത്തിലൂടെ പായുമ്പോള്‍ ഇരു വശവുമുള്ള അമ്പര ചുംമ്പികളെ അവന്‍ മിഴിച്ചു നോക്കി.പിറ്റേന്ന് ദേരയിലെ പ്രശസ്തമായ ഹോട്ടലില്‍ നിന്ന് മട്ടണ്‍ ബിരിയാണി കഴിച്ചവര്‍, മുട്ടനാടിന്റെ നഷ്ട സ്വപ്നം അറിഞ്ഞില്ല.

ചെറിയ കയ്പിഴ.

ഇതൊരു പുതിയ കാല്‍ വെയ്പാകുന്നു. പല മഹാന്മാരും ചെയ്യുന്നതു കണ്ടപ്പൊഴുള്ള ഒരു മോഹത്തിന്റെ ഫലം. ചെറിയ കയ്പിഴ.