Monday, 22 December 2008

ആന(ലു)വായിലെ അംബുജാക്ഷൻ!

വെറുതെ 'മാതൃഭൂമി' ഓൺലൈനിൽ നോക്കിയപ്പോഴാണ്‌ ആലുവയിൽ നിന്നൊരു വാർത്ത കണ്ടത്‌. പ്രസംഗിച്ചു നിന്ന പിണറായി വിജയനെ ബസ്സിലിരുന്ന് വിമർശിക്കുകയും ചീത്ത (?) വിളിക്കുകയും ചെയ്ത അംബജാക്ഷനെന്ന യാത്രക്കാരനെ, വിജയന്റെ അനുയായികൾ എടുത്തിട്ടലക്കി!
ചിരിക്കണോ അതോ കരയണോ എന്നറിയാതെ കുറച്ചു നേരം ഇരുന്നുപോയി.
പാവം അംബുജാക്ഷനോടും, പ്രബുദ്ധരായ മുഴുവൻ മലയാളികളോടും സഹതാപം തോന്നി, ആദ്യം. പിന്നെ പിണറായി വിജയനു കിട്ടാൻ പോകുന്ന തല്ലുകളുടെ എണ്ണമോർത്തപ്പോൾ, സഹതാപം വിജയനോടായി.
കഴിഞ്ഞയാഴ്ചയാണ്‌ വിജയൻ കോടതിയെ അതി ഹീനമായി വിമർശിച്ചത്‌.
കഴിഞ്ഞ ദിവസമാണ്‌ സോണിയയെ വിവരമില്ലാത്തവൾ എന്നു വിളിച്ചത്‌.
കുറച്ചു കാലം മുമ്പാണ്‌ ഒരു ബിഷപ്പിനെ ഭള്ളു പറഞ്ഞത്‌.
ഇങ്ങനെ തനിക്കനഭിമതരായവരെയെല്ലാം ആക്ഷേപിക്കുകയും, പുലഭ്യം പറയുകയും ചെയ്യുന്ന വിജയനെ, മേൽപറഞ്ഞവരുടെയെല്ലാം അനുയായികളെന്നവകാശപ്പെട്ട്‌ കുറെ ഗുണ്ടകൾ കൈകാര്യം ചെയ്തു കഴിയുമ്പോൾ എന്തായിരിക്കും വിജയന്റെ സ്ഥിതി എന്നോർത്തപ്പോൾ....
സഹതപിച്ചല്ലേ പറ്റൂ!
നമ്മുടെ നാടിതെങ്ങോട്ടാണ്‌ പോകുന്നത്‌?
മണിക്കൂറുകളോളം ബസ്സിലിരുന്ന് വലഞ്ഞവൻ, അതിനു കാരണക്കാരനായവനെ കണ്ടപ്പോൾ അവന്റെ പ്രതിക്ഷേധം പുറത്തറിയിച്ചത്‌, ഇത്ര വലിയ തെറ്റോ?
ഇൻഡ്യൻ പ്രസിഡന്റിനേയും, സുപ്രീം കോടതി ചീഫ്‌ ജസ്റ്റീസിനേയും വരെ അറിഞ്ഞും അറിയാതെയും, ആവശ്യത്തിനും അനാവശ്യത്തിനും വിമർശിക്കുന്ന,
സിനിമകളിലും, കോമഡിഷോകളിലും വിഡ്ഡിവേഷം കെട്ടിക്കുന്ന കേരളത്തിൽ,
സമ്മതിദായകർ ഒന്നുറക്കെ തുമ്മിയാൽ, വീട്ടിൽ ഭാര്യ പോലും വില നൽകാത്ത അവസ്ഥയിലാകുന്ന, ചീഞ്ഞ രാഷ്ട്രീയക്കാരന്റെ ദാർഷ്ട്യം, എന്തേ അംഗീകരിക്കപ്പെടുന്നു?
അംബുജാക്ഷന്റെ നാട്ടിൽ നിന്നും, ഗ്രാമവാസികൾ ഒന്നുചേർന്ന് വന്ന്, എന്തേ ഈ അഹന്തയെ ചോദ്യം ചെയ്തില്ല?
ഇതാണ്‌ കേരളം!
മലയാളിയുടെ ഈ പ്രതികരണശേഷിയില്ലായ്മയെ, ഇവിടെ ഇടതനും, വലതനും, കാവിയും, പച്ചയും, വെള്ളയും എല്ലാം, വിറ്റ്‌ കാശാക്കുന്നു.
എന്നിട്ടവന്റെ മുഖത്ത്‌ കാറിത്തുപ്പുന്നു,
കിട്ടുന്ന സമയത്തെല്ലാം തല്ലിയൊതുക്കുന്നു.
ഇക്കണ്ട കാലമെല്ലാം നാം വളർത്തിയെടുത്ത നീണ്ട വാൽ, ചുരുട്ടി ആസനത്തിൽ പരമാവധി ആഴത്തിൽ തിരുകി, നമുക്കു കണ്ണീർ പരമ്പരകളിലെ നായികമാരെക്കുറിച്ചോർത്ത്‌ കണ്ണീർ തൂകാം! വരിക സ്‌ നേഹിതരെ!

1 comment:

sex secrets said...

this is excellent , this same attitude of politicians that they are above everything is the problem we keralite face
laws bend in front of them our medias give them un necessary coverage , even during the bombay blast when the national media completely boycotted the politians our low grade visual medias were after these cheep , crap politicians