Saturday 8 December 2007

ദാസ്‌ കാപ്പിറ്റല്‍!

തങ്കൂട്ടന്‍ മണി എക്സേഞ്ചിലേക്ക്‌ നടന്നുകൊണ്ടിരുന്നു. നാട്ടിലേക്കു പണമയക്കണം.

ആകെ കിട്ടുന്നത്‌ 700 ദിര്‍ഹം.

മുന്‍പൊക്കെ 7500 രൂപ അയച്ചുകഴിഞ്ഞാലും പത്തു നൂറു ദിര്‍ഹം ബാക്കിയുണ്ടാകുമായിരുന്നു. ഭക്ഷണം ചുരുക്കിയാല്‍, ഹുണ്ടി ഫോണില്‍ നിന്നായാലും മാസത്തില്‍ ഒരു വട്ടം മക്കളോട്‌ സംസാരിക്കാമായിരുന്നു.

7500 രൂപ അയച്ചാലും കടക്കാരുടെ ചീത്തവിളിക്ക്‌ വലിയ കുറവില്ലെന്നാണ്‌ കല്ല്യാണി പറയുന്നത്‌.

ഇപ്പം ഇതാ 7500 രൂപ അയക്കണോങ്കില്‍ ബാക്കി ദിര്‍ഹം വല്ലിടത്തൂന്നും മോട്ടിക്കണ്ട അവസ്ഥ. ഇതിന്റെ ഗുട്ടന്‍സ്‌ തങ്കൂട്ടന്‌ ഇനിയും മനസ്സിലാകുന്നില്ല.

മുന്‍പ്‌ അദ്ധ്വാനിച്ചിരുന്നതിനേക്കാള്‍ കൂടുതലേ ഇപ്പോഴും അദ്ധ്വാനിക്കുന്നുള്ളു.

പിന്നെയെങ്ങിനെ കിട്ടുന്ന തുകയുടെ മൂല്യം കുറയുന്നു?

അറിയാവുന്നവരോട്‌ ചോദിച്ചാല്‍ ഡോളറെന്നോ പെഗ്ഗെന്നോ ഒക്കെ പറയുന്നു.

ഈ വള്ളിക്കെട്ടുകള്‍ തങ്കൂട്ടനു പിടികിട്ടുന്നേയില്ല.

തങ്കൂട്ടന്റെ കഷ്ടപ്പാട്‌ കുറഞ്ഞിട്ടില്ല!

കിട്ടുന്ന ദിര്‍ഹത്തിന്റെ അളവ്‌ കുറഞ്ഞിട്ടില്ല!

നോട്ടുകളുടെ രൂപവും നിറവും മാറിയിട്ടില്ല!

പിന്നെന്തേ നാട്ടില്‍ ഈ പണത്തിനു മൂല്യം കുറയാന്‍?

പ്രവാസിയുടെ അദ്ധ്വാനത്തിന്റെ മൂല്യം നാട്ടില്‍ കുറഞ്ഞു കുറഞ്ഞു വരികയാണോ?

തങ്കൂട്ടന്‍ താടിക്ക്‌ കൈയ്യും താങ്ങി എക്സേഞ്ചിന്റെ പുറത്ത്‌ പടിയിലിരുന്ന് അന്തം വിട്ടു.