Monday 30 June 2008

കായേനെന്ന വിപ്ലവകാരി

ചെറുപ്പകാലം മുതലെ കായേന്‌ യഹോവയെ ഇഷ്ടമേയല്ലായിരുന്നു. അങ്ങേരുടെ തോട്ടത്തിൽ നിന്നൊരു പഴം തിന്നതിന്‌ തന്റെ മാതാപിതാക്കളെയും രണ്ട്‌ കുരുന്നു കുട്ടികളെയും കുടിയിറക്കിയ ജന്മിത്ത സ്വഭാവം അവന്റെ മനസ്സിൽ വെറുപ്പു നിറച്ചു.
എന്നിട്ടും അപ്പനും അമ്മയും യഹോവയെക്കുറിച്ചു സ്തുതിച്ചു പറയുന്നത്‌ കേൾക്കുമ്പോൾ കായേന്‌ അവരോട്‌ സഹതാപം തോന്നി.
അവരോടൊപ്പം കൂടുന്ന ആബേലിനോട്‌ കായേനെന്നും വെറുപ്പായിരുന്നു.
ഒരു വിളവെടുപ്പു കാലത്ത്‌ യഹോവയ്ക്കു നൽകേണ്ട വീതത്തെ ചൊല്ലി വീട്ടിൽ വലിയ സംസാരമുണ്ടായി. നമ്മൾ അധ്വാനിച്ചുണ്ടാക്കിയത്‌ നമ്മുടെ ആവശ്യത്തിനുള്ളതാണെന്ന കായേന്റെ വാദം ആരും സമ്മതിച്ചു തരുന്നില്ല. എല്ലാവർക്കും യഹോവയെ വലിയ ഭയം!
ഒടുവിൽ കായേനും ആബേലും ഒരു ഒത്തുതീർപ്പിലെത്തി.
നല്ലതെല്ല്ലാം മാറ്റി വച്ചിട്ട്‌ ബാക്കിയുള്ളത്‌ മാത്രം യഹോവയ്ക്‌!
കുറെ പതിരും, ചീഞ്ഞു തുടങ്ങിയ കായ്‌ കനികളുമായി ചെന്ന കായേനെ യഹോവ ഭൽസിച്ചു. മാലാഖമാരെ വിട്ടു തല്ലിക്കുകയും ചെയ്തു.
ആബേലാകട്ടെ ചേട്ടനുമായുള്ള കരാറൊക്കെ മറന്ന് തന്റെ കയ്യിലെ ഏറ്റവും നല്ല ആട്ടിങ്കുട്ടിയെ കൊണ്ടു കൊടുത്തു യഹോവയ്ക്‌!
യഹോവ കൊടുത്ത സമ്മാനങ്ങളുമായി വന്ന കരിങ്കാലിയായ ആബേലിനെ കായേൻ ഉന്മൂലനം ചെയ്തു.
ഇതറിഞ്ഞ യഹോവ കായേനെ നാടു കടത്തുകയും, ഊരു വിലക്കേർപ്പെടുത്തുകയും ചെയ്തു.
എങ്കിലും കായേൻ സംതൃപ്തനായിരുന്നു.
വർഗ്ഗ സമരത്തിൽ പിന്നിൽ നിന്നു കുത്തിയവനെ ശിക്ഷിച്ചതിന്റെ ത്രുപ്തി.
പിന്നീടു വന്ന തലമുറകൾ കായേന്റെ ത്യാഗ ഫലം അനുഭവിച്ചു. യഹോവയെക്കാൾ പ്രധാനികളായി, രാജക്കളായി.
എങ്കിലും പുതിയ ജന്മിത്തത്തിലേക്കു നീങ്ങിയ ശൗ്ലും, ബെത്‌സേബയെ പീഡിപ്പിച്ച ദാവീദും, ആദ്യത്തെ വിപ്ലവ നായകന്റെ ആത്മാവിനെ ഇന്നും പീഢിപ്പിച്ചുകൊണ്ടിരിക്കുന്നു.