Wednesday, 28 January 2009

ഇ. പി. ജയരാജൻ കീ ജയ്‌!

നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാരൊന്നും സാധാരണ ജനത്തെ പറ്റി ചിന്തിക്കുന്നില്ല എന്ന പരാതിക്കിനി ഒരു സാംഗത്യവുമില്ല.
കുറഞ്ഞ പക്ഷം ജയരാജൻ സഖാവെങ്കിലും ഇക്കാര്യം ശ്രദ്ധിക്കുന്നുണ്ട്‌.
പണ്ടു മുതലെ അദ്ദേഹം സത്യം വിളിച്ചു പറയുന്നതിൽ മുന്നിലാണ്‌.
(സത്യം എന്ന വാക്ക്‌ രാഷ്ട്രീയക്കാരുടെ നിഘണ്ടുവിൽ നിന്ന് പണ്ടേ നീക്കിയതാണല്ലൊ!)
പഴയ കാലമല്ല, പരിപ്പുവടയും കട്ടൻ ചായയും വിളമ്പിയാൽ പാർട്ടി പരിപാടികൾക്ക്‌ (ജാഥക്കും, ഗുണ്ടായിസത്തിനും) ആളെക്കിട്ടില്ല എന്ന സത്യം ഇദ്ദേഹം മുൻപേ പറഞ്ഞിട്ടുണ്ട്‌. അതിനടിവരയിട്ടുകൊണ്ട്‌, മുംബായിൽ ആക്രമണം ഉണ്ടായ സമയത്ത്‌, ഒരു സഖാവ്‌, താജിലിരുന്ന് സോഷ്യലിസം നടപ്പാക്കുണ്ടായിരുന്നു.
അതൊക്കെ എന്തായാലും, ഇത്തവണ അദ്ദേഹത്തിന്റെ നിർദ്ദേശം, കേരളത്തിലെ അധ്വാനിക്കുന്ന ജനത്തിനെ ഉദ്ദേശിച്ചുള്ളതു തന്നെ.
അന്തിയോളം പണിയെടുത്തു കഴിഞ്ഞ്‌, ബിവറേജസിനു മുൻപിൽ തിക്കിത്തിരക്കി, വരി നിന്നു അവശ്യ പാനീയം വാങ്ങുക എന്ന ദുർഘടത്തിൽ നിന്നു അടിസ്ഥാന വർഗ്ഗത്തെയാകെ മോചിപ്പിക്കാനുള്ള വിപ്ലവകരവും, ഉദാത്തവുമായ ആഹ്വാനം!
മദ്യം മലയാളിയുടെ ഭക്ഷണത്തിന്റെ ഭാഗമാക്കുക!
അവനാവശ്യത്തിനു ഡിസ്റ്റിലറികൾ മുട്ടിനു മുട്ടിനു തുടങ്ങുക!
തെങ്ങിൻ കള്ള്‌ ഇതിനൊരു താങ്ങായി പറഞ്ഞിട്ടുണ്ടെങ്കിലും, അതിനെക്കാൾ എത്രയോ എളുപ്പ വഴികൾ മലയാളിക്കറിയാം!
അനുവാദം ഒന്നു കിട്ടിയാൽ മതി!
സ്വന്തം അടുക്കളകളിൽ സ്വന്താവശ്യത്തിനുള്ള വീര്യം, സ്വയം നിർമ്മിക്കുന്ന കാര്യം നമ്മളേറ്റു!അതാണു പറഞ്ഞു വരുന്നത്‌, ജയരാജൻ സഖാവിനു മാത്രമേ- വിപ്ലവത്തിന്റെ അഗാധ സാഗരങ്ങളിൽ മുങ്ങിത്തപ്പിയ ഒരു യുഗപ്രഭാവനു മാത്രമേ-ഇത്ര ഉൽകൃഷ്ടമായി, സാധാരണക്കാരന്റെ കഷ്ടപ്പാടുകൾ മനസ്സിലാക്കാൻ പറ്റു!
പ്രായ പൂർത്തി വോട്ടവകാശം കിട്ടിയതിനു ശേഷം ഇന്നുവരെ ഒരു നേതാവിനും മുദ്രാവാക്യം വിളിക്കാനുയർത്തിയിട്ടില്ലാത്ത കയ്കളുയർത്തി ഞാനുമൊന്നു വിളിച്ചോട്ടെ,
എന്നെ തടയല്ലേ പ്ലീസ്‌!!!
ജയരാജൻ സഖാവ്‌ കീ ജയ്‌!!

ഓ ടോ: ഇപ്പറഞ്ഞത്‌ അലമ്പ്‌ വാർത്തയുണ്ടാക്കി മാധ്യമ ചർച്ചകൾ വഴി തിരിച്ച്‌, ലാവ്‌ലിൻ കേസിൽ നിന്ന് സാധാരണക്കാരന്റെ ശ്രദ്ധ്‌ മറ്റാനല്ലെന്നും,
ശരിക്കും ഞങ്ങളെപ്പറ്റിയുള്ള കരുതൽ കൊണ്ടാണെന്നും കരുതട്ടെ സഖാവെ??

2 comments:

അരുണ്‍ കരിമുട്ടം said...

രാഷ്ട്രിയം ആയതിനാല്‍ വായിച്ചിട്ട് തിരിച്ച് പോകുന്നു.

Roy said...

നന്ദി അരുൺ.
ഏയ്‌ എനിക്കങ്ങനെ ഒരു രാഷ്ട്രീയമില്ല മാഷെ. ചുമ്മായിരുന്നു ബോറടിക്കുമ്പം ചുമ്മാ ഒരു രസം. അത്രയേ ഞാൻ ബ്ലോഗിനേയും കണക്കാക്കിയിട്ടുള്ളു. അങ്ങനെയിരിക്കുമ്പോൾ, വീണുകിട്ടുന്ന ശകലങ്ങളിൽ ഒന്നു തോണ്ടും.
അത്ര തന്നെ.
പിണങ്ങി തിരിച്ചു പോകല്ലേ, ഇനിയും കയറുക വല്ലപ്പോഴും!
വീണ്ടും നന്ദി.