Thursday 29 January 2009

ഞാനെന്റെ പേരു മാറ്റിയല്ലോ!

ഒരേ പേരിൽ ഒരുപാട്‌ പേരുള്ള നമ്മുടെ നാട്ടിൽ, ഒരേ പേരിൽ പലരും ബ്ലോഗുന്നത്‌ ഒരു തെറ്റൊന്നുമല്ല.
എങ്കിലും മറ്റു വായനക്കാർക്ക്‌ 'കൺഫൂഷ്യം' വരാതെയിരിക്കാനായി ഞാനെന്റെ തലക്കുറി മാറ്റുന്നു. ഞാനെന്റെ 'ൻ' മുറിച്ചു കളഞ്ഞു വെറും 'പഥിക്‌' ആയി മാറിയ വിവരം എന്റെ ലക്ഷക്കണക്കായ (വിരലിൽ എണ്ണാവുന്നത്ര)വായനക്കാരെ ഇതിനാൽ തെര്യപ്പെടുത്തി ക്കൊള്ളുന്നു.
(ഇനി പഥിക്‌ എന്നൊരു പേരു മുൻപാരെങ്കിലും ഉപയോഗിക്കുന്നുണ്ടെങ്കിൽ ഇനിയും ശകലം കൂടി മുറിച്ചുകളയാൻ എനിക്കു മടിയില്ല.
ഇതു സത്യം! സത്യം!! സത്യം!!!
പാവം (പഴയ) പഥികൻ.

Wednesday 28 January 2009

ഇ. പി. ജയരാജൻ കീ ജയ്‌!

നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാരൊന്നും സാധാരണ ജനത്തെ പറ്റി ചിന്തിക്കുന്നില്ല എന്ന പരാതിക്കിനി ഒരു സാംഗത്യവുമില്ല.
കുറഞ്ഞ പക്ഷം ജയരാജൻ സഖാവെങ്കിലും ഇക്കാര്യം ശ്രദ്ധിക്കുന്നുണ്ട്‌.
പണ്ടു മുതലെ അദ്ദേഹം സത്യം വിളിച്ചു പറയുന്നതിൽ മുന്നിലാണ്‌.
(സത്യം എന്ന വാക്ക്‌ രാഷ്ട്രീയക്കാരുടെ നിഘണ്ടുവിൽ നിന്ന് പണ്ടേ നീക്കിയതാണല്ലൊ!)
പഴയ കാലമല്ല, പരിപ്പുവടയും കട്ടൻ ചായയും വിളമ്പിയാൽ പാർട്ടി പരിപാടികൾക്ക്‌ (ജാഥക്കും, ഗുണ്ടായിസത്തിനും) ആളെക്കിട്ടില്ല എന്ന സത്യം ഇദ്ദേഹം മുൻപേ പറഞ്ഞിട്ടുണ്ട്‌. അതിനടിവരയിട്ടുകൊണ്ട്‌, മുംബായിൽ ആക്രമണം ഉണ്ടായ സമയത്ത്‌, ഒരു സഖാവ്‌, താജിലിരുന്ന് സോഷ്യലിസം നടപ്പാക്കുണ്ടായിരുന്നു.
അതൊക്കെ എന്തായാലും, ഇത്തവണ അദ്ദേഹത്തിന്റെ നിർദ്ദേശം, കേരളത്തിലെ അധ്വാനിക്കുന്ന ജനത്തിനെ ഉദ്ദേശിച്ചുള്ളതു തന്നെ.
അന്തിയോളം പണിയെടുത്തു കഴിഞ്ഞ്‌, ബിവറേജസിനു മുൻപിൽ തിക്കിത്തിരക്കി, വരി നിന്നു അവശ്യ പാനീയം വാങ്ങുക എന്ന ദുർഘടത്തിൽ നിന്നു അടിസ്ഥാന വർഗ്ഗത്തെയാകെ മോചിപ്പിക്കാനുള്ള വിപ്ലവകരവും, ഉദാത്തവുമായ ആഹ്വാനം!
മദ്യം മലയാളിയുടെ ഭക്ഷണത്തിന്റെ ഭാഗമാക്കുക!
അവനാവശ്യത്തിനു ഡിസ്റ്റിലറികൾ മുട്ടിനു മുട്ടിനു തുടങ്ങുക!
തെങ്ങിൻ കള്ള്‌ ഇതിനൊരു താങ്ങായി പറഞ്ഞിട്ടുണ്ടെങ്കിലും, അതിനെക്കാൾ എത്രയോ എളുപ്പ വഴികൾ മലയാളിക്കറിയാം!
അനുവാദം ഒന്നു കിട്ടിയാൽ മതി!
സ്വന്തം അടുക്കളകളിൽ സ്വന്താവശ്യത്തിനുള്ള വീര്യം, സ്വയം നിർമ്മിക്കുന്ന കാര്യം നമ്മളേറ്റു!അതാണു പറഞ്ഞു വരുന്നത്‌, ജയരാജൻ സഖാവിനു മാത്രമേ- വിപ്ലവത്തിന്റെ അഗാധ സാഗരങ്ങളിൽ മുങ്ങിത്തപ്പിയ ഒരു യുഗപ്രഭാവനു മാത്രമേ-ഇത്ര ഉൽകൃഷ്ടമായി, സാധാരണക്കാരന്റെ കഷ്ടപ്പാടുകൾ മനസ്സിലാക്കാൻ പറ്റു!
പ്രായ പൂർത്തി വോട്ടവകാശം കിട്ടിയതിനു ശേഷം ഇന്നുവരെ ഒരു നേതാവിനും മുദ്രാവാക്യം വിളിക്കാനുയർത്തിയിട്ടില്ലാത്ത കയ്കളുയർത്തി ഞാനുമൊന്നു വിളിച്ചോട്ടെ,
എന്നെ തടയല്ലേ പ്ലീസ്‌!!!
ജയരാജൻ സഖാവ്‌ കീ ജയ്‌!!

ഓ ടോ: ഇപ്പറഞ്ഞത്‌ അലമ്പ്‌ വാർത്തയുണ്ടാക്കി മാധ്യമ ചർച്ചകൾ വഴി തിരിച്ച്‌, ലാവ്‌ലിൻ കേസിൽ നിന്ന് സാധാരണക്കാരന്റെ ശ്രദ്ധ്‌ മറ്റാനല്ലെന്നും,
ശരിക്കും ഞങ്ങളെപ്പറ്റിയുള്ള കരുതൽ കൊണ്ടാണെന്നും കരുതട്ടെ സഖാവെ??

Tuesday 27 January 2009

കോടിയേരിയുടെ ചതി!

ഒടുവിൽ അതും വന്നു!
ഒരു സി.ബി.ഐ. റിപ്പോർട്ട്‌ കൂടി, വീര പരിവേഷത്തോടെ, സമർപ്പിക്കപ്പെട്ടു കഴിഞ്ഞു.
അച്യുതാനന്ദൻ സഖാവ്‌ വളരെക്കാലമായി കണ്ണിലെണ്ണയൊഴിച്ച്‌ കാത്തിരുന്ന റിപ്പോർട്ട്‌.
മലയാളി പയലുകള്‌, 365 ദിവസോം രാപ്പകൽ വ്യത്യാസമില്ലാതെ ബിവറേജസ്‌ വഴി കോരിയൊഴുക്കിയ നികുതിപ്പണം, ലാവ്‌ലിൻ കമ്പനിയുടെ കേയറോഫിൽ 'വിസ്മയ' കരമായി അപ്രത്യക്ഷമായ സംഭവമാണ്‌ കേസിന്നാസ്പദം.
ഒരു മുൻ മന്ത്രി ഉൾപ്പെട്ടിട്ടുണ്ട്‌ എന്നു ആദ്യം തന്നെ വാർത്ത പുറത്തു വന്നു.
എല്ലാവരും അതു പ്രതീക്ഷിച്ചതായതിനാൽ, വലിയ ഓളമൊന്നും ഉണ്ടായില്ല.
പെട്ടെന്നാണ്‌ കോടിയേരിയുടെ പ്രസ്താവന വന്നത്‌.
പിണറായിയെ വലിച്ചിഴക്കുന്നു എന്ന പരാതിയോടെ.

ജി. കാർത്തികേയൻ തുടങ്ങി, കടവൂരാൻ, ആര്യാടൻ പിന്നെ പിണറായി വരെ സംശയപ്പട്ടികയിലുണ്ടായിരുന്നതിനാൽ,
ഒരു മാധ്യമവും ഏറ്റു പിടിക്കുന്നില്ലെന്നു കണ്ടപ്പോഴാണ്‌,
കോടിയേരി വെടി പൊട്ടിച്ചത്‌.
അതോടെ സംഗതി ഉഷാറായി.

ഇതിൽ നിന്നെന്തു മനസ്സിലായി?
അടുത്ത എൽ.ഡി. എഫ്‌. മന്ത്രിസഭ വരുമ്പോൾ (അതിനി എന്നായാലും- അച്ചുമ്മാമൻ എത്ര കാലം കാത്തിരുന്നിട്ടുണ്ട്‌?) മുഖ്യമന്ത്രി കസേര കോടിയേരി ബുക്കു ചെയ്തു കഴിഞ്ഞു.
ഈ ചീഞ്ഞു നാറ്റത്തിൽ നിന്നു പിണറായിക്കിനി ഉടനെയെങ്ങും മോചനമുണ്ടാവില്ല.
അപ്പോൾ പിന്നെ ആശാനിട്ട്‌ പണിതിട്ടായാലും, സ്വന്തം റൂട്ട്‌ ക്ലിയറാക്കാനുള്ള ബുദ്ധി, കോടിയേരി കാണിച്ചു എന്നേയുള്ളു.
അല്ല, പണ്ടിതുപോലെ, അച്ചുമ്മാമനിട്ട്‌ പണിതാണല്ലൊ, പിണറായി ആളായി മാറിയത്‌.
കൊടുത്താൽ കൊല്ലത്തെന്നല്ല, അങ്ങു കാനഡേന്നു പോലും പണി കപ്പലേറി വരും!