Tuesday 3 February 2009

ഇട്ടാവയിലെ കുരുന്ന്!

ഉത്രപ്രദേശിലെ ഇട്ടാവയിൽ നിന്നൊരു വാർത്ത കണ്ടു ഇത്തിരി മുൻപ്‌.
കടയിൽ വന്ന ഒരു സ്ത്രീയുടെ പേഴ്സ്‌ മോഷ്ടിച്ചു എന്നാരോപിച്ച്‌ ഒരു അഞ്ചു വയസ്സു കാരിയെ അതി നിഷ്ഠൂരമായി പീഡിപ്പിക്കുന്ന പോലീസിന്റെ കിരാതമായ നടപടി.
മേൽപറഞ്ഞ ഏമാന്മാരെ ഉടനെ സർവ്വീസിൽ നിന്ന് പുറത്താക്കി എന്നും അറിയിക്കുകയുണ്ടായി. എങ്കിലും എന്തേ ലോക സംസ്കാരത്തിന്റെ പിള്ളത്തൊട്ടിലുകളിലൊന്നായ ഭാരതത്തിൽ, നീതിപാലകരിത്ര കഠിന ഹൃദയരാകുന്നു?
ഇതു വടക്കെയിന്ത്യയിൽ മാത്രം നടക്കുന്ന സംഭവം എന്നു തള്ളിക്കളയാനാവില്ല.
വിദ്യയിലും, അഭ്യാസത്തിലും മുൻപരായ മലയാളികളുടെ പോലീസും അത്ര കേമമൊന്നുമല്ലെന്നു, അനുഭവങ്ങൾ തെളിയിച്ചിട്ടുണ്ട്‌.
ആ കുരുന്നു കുഞ്ഞിന്റെ ദൈന്യമായ മുഖത്തു നോക്കി, ഇത്ര ക്രൂരമായി പ്രവർത്തിക്കാൻ, തനി രാക്ഷസന്മാർക്കെ കഴിയൂ.
വാർത്ത എന്നൊടൊപ്പം കണ്ടുകൊണ്ടിരുന്ന, എന്റെ ഒന്നാം ക്ലാസ്സുകാരി മകളുടെ മുഖത്തുണ്ടായ ഭാവ മാറ്റവും, ചോദ്യഭാവത്തിൽ എന്റെ നേരെ തിരിഞ്ഞ കണ്ണുകളും, എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി. ഇവളൊടു ഞാൻ എന്താണു പറയേണ്ടത്‌?
പോലീസുകാർ നമ്മുടെ സംരക്ഷകരാണ്‌ എന്നു പറഞ്ഞു കൊടുത്ത ഞാൻ അവളെ എന്തു പറഞ്ഞു മനസ്സിലാക്കും, ഇക്കണ്ട ദൃശ്യത്തെപ്പറ്റി?
നമ്മുടെ പോലീസുകാർ കണ്ടു മൻസ്സിലാക്കേണ്ട മാതൃകകളാണ്‌ ഞാനീ മണൽനാട്ടിൽ ദിവസേന കണ്ടു മുട്ടുന്നത്‌.
എന്താവശ്യത്തിനും മാന്യതയും, സഹകരണ മനോഭാവവും, അതിലുപരി സഹായ ഹസ്തവുമായി, പോലീസുകാർ നമ്മുടെ മുന്നിലെത്തുമ്പോൾ, അറിയാതെ നമ്മുടെ നാട്ടിലെ പോലീസിനെ ഓർത്തു പോകിന്നു, ഒരു തരം ഭീതിയോടെ.
പോലീസിൽ ജോലി കിട്ടിയ ഒരു സുഹൃത്ത്‌ ട്രെയിനിംഗ്‌ കഴിഞ്ഞപ്പോൾ തനി മുരടനായി മാറിയതു കണ്ട്‌ വിവരമന്വേഷിച്ച ഞങ്ങളോട്‌ പുളിച്ച തെറി പറഞ്ഞതും, കഴിഞ്ഞ ഒരു വർഷം എനിക്കു കിട്ടിയത്‌ ഇതായിരുന്നെന്ന്‌ വിഷമത്തോടെ പറഞ്ഞതും ഞാണോർക്കുന്നു.
ഒരു പക്ഷെ നമ്മുടെ പോലീസിലും, നന്മയുള്ള ട്രെയിനിംഗ്‌ സംവിധാനം ഉണ്ടാവുകയും, ജനസേവകരും, അവരുടെ സംരക്ഷകരുമാണ്‌ പോലീസെന്ന വ്യക്തമായ സന്ദേശം അവർക്കു പകർന്നു കൊടുക്കുകയും ചെയ്തിരുന്നെങ്കിൽ!

എവിടെ? ഇവിടുത്തെ ഭരണ സംവിധാനത്തിൽ പോലീസ്‌ ഒരു മർദ്ദനോപാധിയും, രാഷ്ട്രീയ ക്കാരുടെ ഗുണ്ടളും മാത്രമാണല്ലോ!
എന്നാലും എന്റെ പെൺകുട്ടി, നിന്റെ ദൈന്യത നിറഞ്ഞ കണ്ണുകളും, ആക്രന്ദനവും മനസ്സിനെ വല്ലാതെ മദിക്കുന്നു.
ഒരു വേള നിന്റെ സ്ഥാനത്ത്‌ എന്റെ കുഞ്ഞു തന്നെ ആയിക്കൂടെന്നില്ലല്ലോ!

No comments: