Monday, 9 February 2009

ജാഗ്രതാ നിർദ്ദേശം!

കാസർഗോഡ്‌ മുതൽ പാറശ്‌ശാല വരെയുള്ള കേരളത്തിന്റെ പ്രദേശങ്ങളിലാകെ, റെഡ്‌ അലെർട്ട്‌ പ്രഖ്യാപിച്ചിരിക്കുന്നു!

കഴിഞ്ഞ ദിവസം സഖാവ്‌ പിണറായിയുടെ നേതൃത്വത്തിലുള്ള, ഏതാണ്ട്‌ കേരള യാത്ര, കോഴിക്കോട്‌ കറങ്ങുന്നതിനിടയിലാണ്‌, മെഡിക്കൽ കോളേജിനടുത്ത്‌ ഒരു പിഞ്ച്‌ കുഞ്ഞ്‌, അതി ജുഗുപുത്സാവഹമായ രീതിയിൽ ആക്രമിക്കപ്പെട്ടത്‌.

(പൊന്നുടയതെ, വിജയൻ സഖാവാണതിനു പിന്നിലെന്ന് ഞാൻ മനസ്സിൽ പോലും വിചാരിച്ചിട്ടില്ല, സി. ബി. ഐ പോലും വിചാരിക്കുകയുമില്ല!!)

അപ്പപ്പിന്നെ പറഞ്ഞു വരുന്നതെന്തെന്നാൽ, മേൽപ്പടി സഖാവിനും, കൂടെ നടന്ന്‌ നാട്ടാരെ മുഴുവൻ പുലയാട്ടും, പുലഭ്യവും പറയുന്ന ആധുനിക വിപ്ലവ ആഭിചാരികൾക്കും, കാവൽ കിടക്കാനായി, കോഴിക്കോട്ടെ, സകലമാന പോലീസും, അരയും തലയും മുറുക്കി നടന്ന രാത്രികളിലൊന്നിലാണീ ദാരുണ സംഭവം അരങ്ങേറിയത്‌ എന്നാണ്‌.

(ഈ സഖാക്കൾക്കൊക്കെ, കേരളത്തിലുടനീളം കിട്ടുന്നതും, കിട്ടിക്കൊണ്ടിരിക്കുന്നതും, ഇനി കിട്ടാവുന്നതുമായ സ്വാഭാവിക സ്വീകരണങ്ങളെ പ്രതിരോധിക്കാൻ, കേരളത്തിലെ മുഴുവൻ പോലീസും മതിയാകുന്നില്ലത്രെ! എത്ര പ്രതിരോധിച്ചിട്ടും ചില സിൻഡിക്കേറ്റ്‌ മാഫിയ പത്രക്കാര്‌, ഈ വക സ്വീകരണ ദൃശ്യങ്ങൾ കാണിക്കുന്ന ദിവസമാണ്‌ വിജയൻ സഖാവ്‌, സർവ്വമാന പത്രക്കാരെയും, പേരു പറഞ്ഞ്‌ ചീത്ത വിളിക്കാറുള്ളത്‌)

അതു കൊണ്ടാണ്‌ കേരളത്തെ, ഐശ്വര്യ പൂർണ്ണമാക്കുന്നതിനും, ഇൻഡ്യയെ മൊത്തത്തിൽ ലാവ്‌ലിൻ കമ്പനിക്ക്‌ എഴുതി ക്കൊടുക്കുന്നതിനുമായി (ക്ഷമിക്കണം! സുരക്ഷിതമാക്കുന്നതിനും എന്നു തിരുത്തി വായിക്കുക!) ഈ സഖാക്കൾ കഷ്ടപ്പെട്ട്‌ നടത്തുന്ന ഈ യാത്ര കഴിയുന്നതു വരെ, ഇന്നലെ വരെ ജനിച്ചതു മുതൽ കുഴിയിലേക്കു കാലുനീട്ടിയിരിക്കുന്നതു വരെയുള്ള സകലമാന സ്ത്രീജനങ്ങളും, വീടിനു പുറത്തിറങ്ങാൻ പാടില്ലാത്തതും, ഇനി അഥവാ ഇറങ്ങേണ്ടി വന്നാൽ, അതു സ്വന്തം സ്ത്രീത്വത്തിന്‌ (കോഴിക്കോട്ട്‌ ഭാഗത്തെ ചെക്കന്മാർ മറ്റ്‌ ചിലതിനും) ഇൻഷുറൻസ്‌ എടുത്തതിനു ശേഷം മാത്രമായിരിക്കണമെന്നാണ്‌ ജാഗ്രതാ നിർദ്ദേശം!

ഏതായാലും, ഇതു കുറച്ചു ദിവസത്തേക്കല്ലെ ഉള്ളു എന്നു കരുതി ആശ്വസിച്ചിരിക്കുമ്പോഴാണ്‌, അഭിനവ കേരളാ (ഹിമാലയൻ) ഗാന്ധി, ചെന്നിത്തല ചുള്ളൻ അടുത്ത യാത്രയുമായി, ഇറങ്ങാൻ പോകുന്നത്‌.

ഇതുകൂടി, ഒന്നു വട്ടമെത്തുന്നതു വരെ, എന്റെ ദൈവേ, പാവം മലയാളികൾ എന്തൊക്കെ അനുഭവിക്കേണ്ടി വരും?
കാരണം, സഖാക്കൾ കയ്യിട്ട്‌ വാരലും, കുണ്ടായിസവും (ഗുണ്ടായിസം പണ്ടേയുള്ളതാണ്‌) മോഷണവും നടത്തുന്ന കാര്യത്തിൽ, വെറും പ്രൈമറി പരുവത്തിലെ എത്തിയിട്ടുള്ളു.
പക്ഷേ ഖദർ ധാരികൾ ഇക്കാര്യത്തിൽ പി എഛ്‌ ഡി എടുത്തവരാണ്‌.
ഇവരീ യാത്ര കഴിച്ചിലാക്കുമ്പോഴേക്കും, കേരളം ഒരരുക്കാവും, ഒറപ്പ്‌!

അപ്പപ്പിന്നെ മുൻപറഞ്ഞ ജാഗ്രതാ നിർദ്ദേശം ഒന്നു വിപുലപ്പെടുത്തിയിരിക്കുന്നു. ചെന്നിത്തല കൂടി പണി മതിയാക്കുന്നതു വരെ, കൊച്ചു പിച്ചടച്ചെല്ലാവരും അനാവശ്യമായി ഒന്നു കുനിയുക പോലും ചെയ്യാൻ പാടില്ല, ഈ ദിവസങ്ങളിൽ!
എന്തു വിലപ്പെട്ട സാധനവും നഷ്ടപ്പെട്ടേക്കാം! ജാഗ്രതൈ!!
(കോൺഗ്രസ്സ്‌ എവിടെയുണ്ടോ അവടെ ഞമ്മളുണ്ട്‌ എന്നു പ്രഖ്യാപിച്ച്‌, കുഞ്ഞാലിക്കുട്ടി കൂടെക്കാണാതിരിക്കില്ല! ഡബിൾ ജാഗ്രതൈ!!)

ഇത്രയുമായ സ്ഥിതിക്ക്‌ കാവിപ്പട അടങ്ങിയിരിക്കുമോ?
അവരും ഇറങ്ങും വടിയും കോലുമായി!
ആയതിനാൽ ജാഗ്രതാ നിർദ്ദേശം നിർദ്ദാക്ഷിണ്യം വിപുലപ്പെടുത്തുന്നു!
ആ വഴിപാടു കൂടി കഴിയുന്നതു വരെ, ആണും പെണ്ണും ഒന്നിച്ചു വഴി നടക്കാൻ പാടുള്ളതല്ല.
(ഭാര്യാ ഭർത്താക്കന്മാർ പോലും ഒന്നിച്ചുറങ്ങുന്നത്‌ സൂക്ഷിച്ചു വേണം)
മിക്സഡ്‌ സ്കൂളുകളും കോളേജുകളും ദീര്‌ഘകാല അവധി പ്രഖ്യാപിച്ചേയ്ക്കുക.
ഓരോ ജാതിക്കാർക്കും പ്രത്യേകം പ്രത്യേകം യാത്രാ സൗകര്യങ്ങൾ, സർക്കാർ തലത്തിൽ തരപ്പെടുത്തുന്നതായിരിക്കും!

എന്നാലും ലവന്മർക്കെന്തെ ഈ ഇലക്ഷൻ കാലത്ത്‌ മാത്രം ഇങ്ങനെ നാടു നന്നാക്കനിറങ്ങണമെന്ന്‌ തോന്നുന്നത്‌? ഇലക്ഷന്‌ മുൻപോ പിൻപോ, ഐശ്വര്യവും, സുരക്ഷയും, സംസ്കാരവും സൗഭാഗ്യവുമൊന്നും പൊതു ജനത്തിനാവശ്യമില്ലെന്നാണോ?

ദൈവത്തിന്റെ സ്വന്തം നാടിനെ ദൈവം തന്നെ രക്ഷിക്കട്ടെ! ആമേൻ!

No comments: