Wednesday, 11 February 2009

'മുത്തലിക്ക്‌'ന്റെയൊരു കോള്‌!

കഴിഞ്ഞ കുറേ ദിവസങ്ങളായി, കർണ്ണാടകയിൽ നടക്കുന്ന അസംബന്ധ നാടകങ്ങൾ കണ്ട്‌, അന്തം വിട്ടിരിക്കുമ്പോൾ, ദേ വരണു പുതിയ 'ആന്ദോളൻ'.
ആധുനിക ശ്രീരാമൻ, മര്യാദാ പുരുഷോത്തമൻ, സാംസ്കാരിക ഇൻഡ്യയുടെ കാവൽ ഭടൻ, ശ്രീമാൻ മുത്തലിക്കിന്‌ കുറേക്കാലത്തേക്കിനി ജട്ടി വാങ്ങേണ്ടി വരില്ല.
സംസ്കാരം തൊട്ടു തീണ്ടിയിട്ടില്ലാത്തവരായ കുറേ അലമ്പ്‌ സ്ത്രീകൾ അങ്ങേർക്ക്‌ കുറേ ജട്ടികൾ അയച്ചു കൊടുത്ത്‌ ആദരിക്കാൻ തീരുമാനിച്ചിരിക്കുന്നു.
(എന്നാലും അണ്ണന്റെയൊരു കോളേ! കുറച്ചു കാലം ഉപയോഗിച്ചു കഴിഞ്ഞതായാലും, കിട്ടുന്നത്‌ തരുണീമണികളുടെ ബെസ്റ്റ്‌ പാന്റീസല്ലെ! അതും തടവി, ഇടയ്ക്കു മണപ്പിച്ച്‌ കുറേക്കാലത്തേക്കെങ്കിലും, പരശല്ല്യമില്ലാതെ കഴിഞ്ഞാൽ മതിയായിരുന്നു.)

വന്നു വന്ന്, സകലമാന കാവിധാരിയുടെയും ആദർശ പുരുഷൻ നരേന്ദ്ര മോഡിയായിരിക്കുന്നു. എതിർക്കാൻ ശേഷിയില്ലാത്ത ജനസമൂഹത്തെ ചുട്ടെരിച്ച്‌ ആ മഹാൻ പ്രധാന മന്ത്രി പഥം നോക്കി രഥമോടിക്കുന്നു.

കർണ്ണാടകയിൽ, ബി. ജെ. പി. അധികാരത്തിൽ കയറിയ നാൾ മുതൽ പുതിയ പുതിയ സേന കളും, അവരുടെ സാംസ്കാരിക(?) അതിക്രമങ്ങളും വളർന്നു കൊണ്ടിരിക്കുന്നു. ഈ മഹാത്മാക്കളുടെ ലക്ഷ്യം സാസ്കാരിക ഉന്നമനമാണെന്നു കരുതിയാൽ ശുദ്ധ മണ്ടത്തരം. എങ്ങനേയും പേരുണ്ടാക്കുക, (ബിൻ ലാദനും പേരിനൊരു കുറവില്ലല്ലോ!) അധികാരത്തിലേക്ക്‌ നുഴഞ്ഞു കയറുക. അത്ര തന്നെ.

ഈ സേനകളെന്തേ പുരുഷ മദ്യപാനത്തെയും, അവരുടെ സദാചാര ഭ്രംശങ്ങളേയും കാണാതെ പോകുന്നത്‌? അതോ നമ്മുടെ നാട്ടിൽ സ്ത്രീകൾ മാത്രം സദാചാരികളായാൽ മതി എന്നാണോ?
ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ, പുരുഷനോടൊപ്പം ഏതു മേഖലയിലും വ്യാപരിക്കുന്ന സ്ത്രീ, ഒന്നു പബ്ബിൽക്കയറി ഒരു ബീയർ കഴിച്ചാൽ, ഭാരത സംസ്കാരം തകർന്നു തരിപ്പണമാകുമെന്നാണോ, ഇവറ്റകളുടെ ഉൽകൻഢ?

ഇവർക്കൊരേയൊരു ഉദ്ദേശ്യമേയുള്ളു. മതപരവും, സാമുദായികവും, സാമുഹ്യപരവുമായ ചേരിതിരിവുകൾ സൃഷ്ടിച്ചെടുത്ത്‌, കലക്കവെള്ളത്തിൽ മീൻ പിടിക്കുക.

അന്യ ജാതികളിൽപ്പെട്ട ആൺകുട്ടിയും പെൺകുട്ടിയും ഒന്നിച്ചു സംസാരിച്ചെന്നതിന്റെ പേരിൽ പീഢനമേറ്റുവാങ്ങിയ ഒരു പെൺകുട്ടി, ഈ കാട്ടാളന്മാരുടെ സാംസ്കാരിക വൈതാളികത്വത്തിന്‌ രക്തസാക്ഷിത്വം വരിച്ചു കഴിഞ്ഞു.

ആരു സമാധാനം പറയും? ആരു ചോദ്യം ചെയ്യും ഈ പരിഷകളെ?

സംസ്കാരവും, മാന്യതയും ആരും ആരെയും അടിച്ചേൽപ്പിക്കേണ്ട നിയമ സംഹിതകളല്ല. കുടുംബത്തിൽ നിന്നും, വിദ്യാലയങ്ങളിൽ നിന്നും, സമൂഹത്തിൽ നിന്നും ആർജ്ജിക്കേണ്ടവയാണ്‌.
ഇത്‌ അടിച്ചേൽപ്പിക്കാൻ മുതിരുന്നവർ ആദ്യം സ്വന്തം കുടുംബത്തിലേക്കു തിരിയുക (അങ്ങിനെയൊന്നുണ്ടെകിൽ!). അവിടെ നിന്നാണു തുടങ്ങേണ്ടത്‌ സാംസ്കാരിക നവോഥാനം!

കുടുംബത്തിലെ ആണും പെണ്ണും പരസ്പരം ബഹുമാനിക്കാനും, സഹായിക്കാനുമുള്ള മന:സ്ഥിതി വളർത്തിയാലേ, അയൽ വക്കത്തെ സാംസ്കാരിക പ്രശ്നത്തിൽ അഭിപ്രായം പറയാനെങ്കിലുമുള്ള അർഹത ഏതൊരാൾക്കും ഉണ്ടാവുകയുള്ളു.

അവസാനമായി, അറിവും പക്വതയും, സാംസ്കാരിക അവബോധവും, അതിലുപരി വിവരവുമില്ലാത്ത സാധാരണക്കാരനു തോന്നുന്ന ഒരു സംശയം ശ്രീമാൻ മുത്തലിക്കിനോട്‌ ചോദിക്കട്ടെ!
താങ്കൾ സ്കൂളിൽ പോയിട്ടുണ്ടോ?
ഉണ്ടെങ്കിൽ അതു മിക്സഡ്‌ സ്കൂൾ ആയിരുന്നോ?
അവിടുത്തെ പെൺകുട്ടികളോട്‌ മിണ്ടിയതു കൊണ്ട്‌, താങ്കളുടെ ഏതെങ്കിലും അവയവം തേഞ്ഞു പോയിട്ടുണ്ടോ?
അതു പോകട്ടെ, താങ്കൾക്ക്‌ ഹിന്ദു സുഹൃത്തുക്കൾ മാത്രമേയുള്ളോ (പ്രത്യേകിച്ചും സ്ത്രീകളായി)? അവരോട്‌ (മാന്യമായി) ഇടപഴകിയതു കൊണ്ട്‌ താങ്കൾക്ക്‌ സ്വന്തം ചാരിത്ര്യം നഷ്ടമായിട്ടുണ്ടോ?

സുഹൃത്തേ, മേൽപ്പറഞ്ഞ കുഴപ്പങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിൽ, പാവം സ്ത്രീകളെ വെറുതെ വിട്ടു കൂടെ?
മാത്രമല്ല കുറേക്കാലത്തേയ്ക്ക്‌ ഇരുന്നാസ്വദിക്കനുള്ള വഹ ആ മഹതികൾ സ്വന്തം നഷ്ടം വകവെയ്ക്കാതെ അങ്ങേയ്ക്ക്‌ അയച്ചു തരുന്നുമുണ്ടല്ലോ!

ഒന്നോർക്കുന്നത്‌ നന്നായിരിക്കും "പെണ്ണൊരുമ്പെട്ടാൽ ബ്രഹ്‌മനും തടയാ"

ഓൾ ദി ബെസ്റ്റ്‌ മൈ ഫ്രെണ്ട്‌!

4 comments:

ജോ l JOE said...

"ഒരു ബ്രഹ്മചാരിയായതിനാല്‍ എനിക്ക് പ്രണയത്തെ ക്കുറിച്ചുള്ള ധാരണ ഇല്ലെന്ന അറിവ് ശരിയല്ല .....ഒരു ഇന്ത്യന്‍ പൌരന്‍ എന്ന നിലയിലുള്ള ജനാധിപത്യപരമായ ഉത്തരവാദിത്വം ആണ് ഇതു വഴി ഞാന്‍ നിറവേറ്റുന്നത്."

ഇത് മുതാലിക്കിന്റെ വാക്കുകള്‍.......


"സംസ്കാരം തൊട്ടു തീണ്ടിയിട്ടില്ലാത്തവരായ കുറേ അലമ്പ്‌ സ്ത്രീകൾ അങ്ങേർക്ക്‌ കുറേ ജട്ടികൾ അയച്ചു കൊടുത്ത്‌ ആദരിക്കാൻ തീരുമാനിച്ചിരിക്കുന്നു."


ഇതു ആള്‍ക്കാരെ മനസ്സിലാക്കാതെ പറഞ്ഞതു....


പ്രശസ്തിക്കുവേണ്ടി ഒരു 'സേന' എന്ന പേരില്‍ ഗുണ്ടകളെ നിരത്തില്‍ ഇറക്കുന്നവര്‍ക്ക് ഇതു പോലെ മറുപടി തന്നെ കൊടുക്കണം........

ജേ said...

ബിജെപിയുടെ ശത്രുക്കളാണ് മുത്തലിക്കിന്റെ സേന എന്ന് ലോകത്ത് എല്ലാരും അറിഞ്ഞല്ലോ.. തനിക്കെന്തുപറ്റി?
ഇതു തീവ്രവാദികളാണ്.. പെണ്‍കുട്ടികള്‍ സ്കൂളില്‍ പോകരുതെന്ന് പറയുന്ന മുസ്ലീം തീവ്രവാദികളുടെ മറ്റൊരു വേര്‍ഷന്‍.. പക്ഷേ ജട്ടിക്ക് പകരം സാരി കൊടുക്കുന്നതിന് മുത്തലിക്കിനും ഒരു സല്യൂട്ട്..

പഥിക്‌ said...

നന്ദി ജോ,
സ്ത്രീകളെ അലമ്പ്‌ എന്നു ഞാൻ, മുത്തലിക്കിന്റെ കണ്ണിലൂടെ പറഞ്ഞെന്നേയുള്ളു. ആൾക്കാരെ മനസ്സിലാക്കാതെയല്ല.
ജേയ്കും നന്ദി,
ഏതു വേർഷനായാലും, ചെയ്യുന്നതിനും, ചെയ്യിക്കാവുന്നതിനും, പരിധി വേണം, ഇവർക്ക്‌ സല്യൂട്‌ നൽകാൻ കയ്യുയരുന്നില്ല മാഷെ.

വിന്‍സ് said...

This is the best protest against those sreerama sena dicks. Hats off to those ladies started the protest.